LiveTV

Live

Sports

‘ഭായ്, നെറ്റ്ഫ്ലിക്സിന്‍റെ പാസ്‍വേഡ് തരുമോ?’ സുനില്‍ ഛേത്രിയോട് ആരാധകന്‍

‘ജെഴ്സി വേണ്ട, ചിത്രത്തില്‍ ഓട്ടോഗ്രാഫ് വേണ്ട, ഇതാ ഇവിടെയൊരാൾ, അദ്ദേഹത്തിന്റെ ആവശ്യം വളച്ചുകെട്ടൊന്നുമില്ലാതെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു’ ഛേത്രിയുടെ രസകരമായ പ്രതികരണം വൈറലായി

‘ഭായ്, നെറ്റ്ഫ്ലിക്സിന്‍റെ പാസ്‍വേഡ് തരുമോ?’ സുനില്‍ ഛേത്രിയോട് ആരാധകന്‍

ലോക്ഡൌണ്‍ കാലത്തെ വിശേഷങ്ങള്‍ എല്ലാവരുമായും പങ്ക് വെക്കാന്‍ കായിക താരങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. സഹതാരങ്ങളുമായ് സംവദിക്കുമ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കുടെ മറുപടി നല്‍കാന്‍ പല താരങ്ങളും ശ്രദ്ധിക്കാറുമുണ്ട്. ഇതിനിടെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി ട്വിറ്ററില്‍ പങ്ക് വെച്ച ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഛേത്രിയുടെ ഒരു ആരാധകന്റെ ആവശ്യമാണ് നവമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഫേസ്ബുക്കിലൂടെ ആരാധകന്‍ ചോദിച്ച കാര്യത്തെ ഹാസ്യാത്മകമായ കുറിപ്പും ചേര്‍ത്തുകൊണ്ടാണ് ഛേത്രി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഓട്ടോഗ്രാഫിനും ജെഴ്സിക്കും വേണ്ടിയെല്ലാം ആരാധകർ പലപ്പോഴും തിരക്ക് കൂട്ടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ആവശ്യവുമായാണ് ഛേത്രിയുടെ ആരാധകന്‍റെ മെസ്സേജ്. ആരാധകന്‍ താരത്തിനോട് ആവശ്യപ്പെട്ടത് ഓട്ടോഗ്രാഫോ, ജേഴ്‌സിയോ, ബൂട്ടോ ഒന്നും അല്ല, പകരം അദ്ദേഹത്തിന്റെ നെറ്റ്ഫ്‌ളിക്‌സിന്റെ യൂസര്‍ നെയ്മും പാസ്‌വേഡുമാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഛേത്രി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തിയത്.

'സഹോദരാ..ഛേത്രീ...നിങ്ങളുടെ നെറ്റ്ഫ്ളിക്സ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്‌വേഡും എനിക്കു തരുമോ? ലോക്ഡൗൺ കഴിഞ്ഞാൽ പാസ്‌വേഡ് മാറ്റിക്കോളൂ..'ഇതായിരുന്നു ആരാധകന്‍റെ മെസ്സേജ്

'ജെഴ്സി വേണ്ട, ചിത്രത്തില്‍ ഓട്ടോഗ്രാഫ് വേണ്ട, പോസ്റ്റിന് മറുപടി വേണ്ട, അയൽക്കാരന്റെ വളർത്തുനായക്ക് ആശംസ നേർന്നുള്ള വീഡിയോയും വേണ്ട. ഇതാ ഇവിടെയൊരാൾ, അദ്ദേഹത്തിന്റെ ആവശ്യം വളച്ചുകെട്ടൊന്നുമില്ലാതെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. ശരിക്കും ഈ ആവശ്യം സാധിച്ചുകൊടുക്കണമെന്നാണ് എന്‍റെ ആഗ്രഹം'. ആരാധകന്റെ മെസ്സേജിന്‍റെ സ്ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ട്വീറ്റ്.

വായിക്കുന്ന ആരുടെയും മുഖത്ത് ചിരി പടർത്തുന്ന ഈ ട്വീറ്റിന് നിരവധി ആളുകളാണ് പ്രതികരണവുമായെത്തിയത്. നെറ്റ്ഫിള്ക്സ് ഇന്ത്യ, ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‍വാള്‍, ടെന്നിസ് താരം സാനിയ മിർസ എന്നിവരടക്കും ചിരിക്കുന്ന ഇമോജികളുമായാണ് ഛേത്രിയുടെ ഈ ട്വീറ്റ് ആസ്വദിച്ചത്.