LiveTV

Live

Sports

2032 ഒളിംപിക്‌സ് വേദിക്കായി മത്സരിക്കാന്‍ ഇന്ത്യയും

ഒളിംപിക്‌സ് വേദിക്കായി ആസ്‌ട്രേലിയക്കും ചൈനക്കും പുറമേ ഉത്തര ദക്ഷിണ കൊറിയകളില്‍ നിന്നും ഇന്ത്യക്ക് മത്സരം നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്...

2032 ഒളിംപിക്‌സ് വേദിക്കായി മത്സരിക്കാന്‍ ഇന്ത്യയും

2032ലെ ഒളിംപിക്‌സ് വേദി ലഭിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുമുണ്ടെന്ന് അഖിലേന്ത്യ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്ര. ഒളിംപിക്‌സ് മാത്രമല്ല 2026ലെ യൂത്ത് ഒളിംപിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ അതിഥേയരാവാനുള്ള അവസരത്തിനും ഇന്ത്യ പോരാടുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സി എ.എഫ്.പിയോട് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച് ഒരു പതിറ്റാണ്ട് പൂര്‍ത്തിയായ വേളയിലാണ് അന്താരാഷ്ട്ര കായിക മേളകളുടെ വേദിക്കായി ഇന്ത്യ ശ്രമം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും ഐ.ഒ.എ പ്രസിഡന്റ് പറഞ്ഞു. 2026ലെ യൂത്ത് ഒളിംപിക്‌സിന് ഇന്ത്യക്ക് പുറമേ തായ്‌ലന്റ്, റഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളും മത്സരിക്കുന്നുണ്ട്.

ഒളിമ്പിക്സ് ഫുട്ബോള്‍ പ്രായ പരിധി 24 ആയി നീട്ടി; തീരുമാനം ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍
Also Read

ഒളിമ്പിക്സ് ഫുട്ബോള്‍ പ്രായ പരിധി 24 ആയി നീട്ടി; തീരുമാനം ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍

2032ലെ ഒളിംപിക്‌സ് വേദിക്കായും ഇന്ത്യ കടുത്ത പോരാട്ടം നേരിടേണ്ടി വരും. ചൈനീസ് നഗരമായ ഷാങ്ഹായും ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റും ഇപ്പോള്‍ തന്നെ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായും ഒളിംപിക്‌സ് വേദിക്കായി ശ്രമം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് ബാധയെ തുടര്‍ന്ന് 2032 ഒളിംപിക്‌സ് വേദിക്കായുള്ള നീക്കങ്ങള്‍ നിലച്ചിരിക്കുകയാണെന്നും 2025ഓടെ അന്തിമതീരുമാനമുണ്ടെന്നും ഐ.ഒ.എ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ര നല്ല അനുഭവമല്ല ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് നല്‍കിയത്. സ്റ്റേഡിയം - അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണത്തിലെ കാലതാമസവും പാളിച്ചകളും സാമ്പത്തിക ആരോപണങ്ങളും ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുംഭകോണമാക്കി മാറ്റിയിരുന്നു.

130കോടിയിലേറെ ജനങ്ങളുണ്ടെങ്കിലും 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. കൊറോണ വൈറസിനെ തുടര്‍ന്ന് ടോക്യോ ഒളിംപ്കിസ് 2021ലേക്ക് നീട്ടിയിരിക്കുകയാണ്. ഇത്തവണ ഇന്ത്യക്ക് കുറഞ്ഞത് 10 മെഡലുകളെങ്കിലും ലഭിക്കുമെന്നാണ് ഒളിംപിക്‌സ് അസോസിയേഷന്റെ പ്രതീക്ഷ. 80ഓളം അത്‌ലറ്റുകള്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. ഹോക്കിയിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ തലവന്‍ കൂടിയായ നരേന്ദ്ര ബത്ര പറഞ്ഞു.