LiveTV

Live

Sports

കായിക മേഖലക്ക് ഇറ്റലിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; മേയ് 18 മുതല്‍ ടീമുകൾക്ക് പരിശീലനം പുനരാരംഭിക്കാം

മെയ് നാല് മുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് പരിശീലനം ആരംഭിക്കാം. എന്നാല്‍ ടീമായി ഒരുമിച്ചുള്ള പശീലനം മെയ് പതിനെട്ട് മുതല്‍ ആയിരിക്കും അനുവദിക്കുക.

കായിക മേഖലക്ക് ഇറ്റലിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; മേയ് 18 മുതല്‍  ടീമുകൾക്ക് പരിശീലനം പുനരാരംഭിക്കാം

ലോകത്ത് കോവിഡ് വൈറസ് വ്യാപനം ആദ്യം തന്നെ ഏറ്റവും കലുഷിതമായ് ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. നിരവധി പേരുടെ മരണത്തിടയാക്കിയ കോവിഡ്-19 ഇറ്റലിയെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരുന്നു. കായിക മേഖലയിലും രോഗവ്യാപനം ഉണ്ടാക്കിയ പ്രതസന്ധി ഒട്ടും ചെറുതല്ല. പൂര്‍ണ്ണമായും അടച്ച് പൂട്ടലില്‍ കഴിഞ്ഞ ഇറ്റലിയില്‍ നിന്ന് കായിക ലോകത്തിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെയ് മാസത്തില്‍ കായിക മത്സര പരിശീലനങ്ങള്‍ പുനരാരംഭിക്കാമെന്നാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോഴും കോവിഡ് വ്യാപനം ഫലപ്രദമായ് തടയാനായിട്ടില്ലെങ്കിലും ഫുട്‌ബോള്‍ പരിശീലനം ആരംഭിക്കാന്‍ വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ഗ്യുസെപെ കോണ്ടെ പറഞ്ഞു.

മെയ് നാല് മുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് പരിശീലനം ആരംഭിക്കാമെന്നും എന്നാല്‍ ടീമായി ഒരുമിച്ചുള്ള പശീലനം മെയ് പതിനെട്ട് മുതല്‍ ആയിരിക്കും അനുവദിക്കുകയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗ്യൂസെപ്പെ കോണ്ടെ. എന്നാല്‍ ഇറ്റാലിയന്‍ സീരി എ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും പ്രധാനമന്ത്രി നല്‍കിയില്ല.

'മെയ് നാല് മുതല്‍ പരിശീലനം പുനരാരംഭിക്കാമെങ്കിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണം. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും ചെയ്യണം. മെയ് 18ഓടെ ടീം പരിശീലനം ആരംഭിക്കാം. എന്നാല്‍ പരിശീലനത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ടീമില്‍ താരങ്ങളും പരിശീലകരും മറ്റ് ജോലിക്കാരും ഉള്‍പ്പെടെ 50ഓളം ആളുകളുണ്ടാവും. അതിനാല്‍ത്തന്നെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം.’ എല്ലാ ക്ലബ്ബുകള്‍ക്കും അഞ്ച് കോവിഡ് പരിശോധന കിറ്റുകള്‍ വീതം നല്‍കുമെന്നും കോണ്ടെ പറഞ്ഞു. സീരി എയുടെ കടുത്ത ആരാധനകനാണ് താനെന്നും ഉടന്‍തന്നെ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സീരി എയിലെ ചാമ്പ്യന്‍ ടീമായ യുവന്റസിലെ പൗലോ ഡിബാലയടക്കം മൂന്ന് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതോടെ സീരി എ ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ഇറ്റലി ഉത്തരവിടുകയായിരുന്നു.