LiveTV

Live

Sports

ഏഷ്യാകപ്പ് ഷെഡ്യൂളില്‍ ഐ.പി.എല്ലിനായി മാറ്റം വരുത്തില്ല: തീരുമാനത്തിലുറച്ച് പാക്കിസ്ഥാന്‍

ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള ഏതൊരു തീരുമാനത്തെയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുമെന്ന് സി.ഇ.ഒ വസീം ഖാന്‍ വ്യക്തമാക്കി

ഏഷ്യാകപ്പ് ഷെഡ്യൂളില്‍ ഐ.പി.എല്ലിനായി മാറ്റം വരുത്തില്ല: തീരുമാനത്തിലുറച്ച് പാക്കിസ്ഥാന്‍

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അനശ്ചിതത്വത്തിലായ ഐ.പി.എല്ലിന് വേണ്ടി ഏഷ്യാകപ്പ് ഷെഡ്യൂളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് പാക്കിസ്ഥാന്‍. ഏഷ്യാ കപ്പ് ഷെഡ്യൂളില്‍ മാറ്റം വരുത്താനുള്ള ഏതൊരു തീരുമാനത്തെയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുമെന്ന് സി.ഇ.ഒ വസീം ഖാന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളില്ലെങ്കിൽ നേരത്തെ തീരുമാനിച്ചത് പോലെ ഏഷ്യാ കപ്പ് ടി20 സെപ്റ്റംബറിൽ യു.എ.ഇയിൽ വെച്ച് തന്നെ നടത്തുമെന്നാണ് പ്രതീക്ഷയെന്നും വസീം ഖാൻ പറഞ്ഞു.

'ഞങ്ങളുടെ നിലപാട് തികച്ചും വ്യക്തമാണ്, നേരത്തെ തീരുമാനിച്ചതനുസരിച്ച് ഏഷ്യാ കപ്പ് സെപ്റ്റംബറിലാണ് ക്രമീകരിച്ചിരിക്കുന്നത്, ആരോഗ്യ-സുരക്ഷാ പ്രശ്നങ്ങള്‍ മൂലം എന്തെങ്കിലും തടസമുണ്ടായാല്‍ മാത്രമേ ഏഷ്യാ കപ്പ് നടക്കാതിരിക്കാനുള്ള സാധ്യത കാണുന്നുള്ളൂ. ഐ‌.പി.‌എല്ലിനെ ഉൾക്കൊള്ളിക്കാന്‍ വേണ്ടി മാത്രം ഏഷ്യാ കപ്പിന്‍റെ ഷെഡ്യൂള്‍ നീക്കി വെക്കുന്ന ഒരു നിര്‍ദേശത്തേയും ഞങ്ങൾ അംഗീകരിക്കില്ല.’ വസീം ഖാന്‍ വ്യക്തമാക്കി.

മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് ബി.സി.സി.ഐ ആദ്യം മാറ്റിവെച്ചിരുന്നു. എന്നാല്‍ മേയ് മൂന്നു വരെ രാജ്യത്തെ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയോടെ ടൂര്‍ണമെന്റിന്‍റെ ഭാവി പിന്നീട് അനിശ്ചിതത്വത്തിലാകുകയായിരുന്നു.