‘ദയയില്ലാത്തയാള്‍ സച്ചിന്, സെവാഗ് അപകടകാരി, മതില് പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍
തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്സ്മാന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ ഏറെ മുകളിലാണ് സച്ചിന്, സെവാഗ്, ദ്രാവിഡ് എന്നിവരുടെ സ്ഥാനമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു.

11 ടെസ്റ്റുകളില്‍ സച്ചിന് തെണ്ടുല്‍ക്കറെ നേരിട്ട ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ നാലുതവണ ഇതിഹാസ താരത്തെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ നേരിട്ടുട്ടുള്ളതില് ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് പനേസര്‍ക്ക് മറ്റൊരു മറുപടിയില്ല. സച്ചിന് ഉള്‍പ്പടെയുള്ള മൂന്നു കളിക്കാരെ പുറത്താക്കുകയെന്നത് തന്നെ സംബദ്ധിച്ച് അതി കഠിനമായിരുന്നെന്നാണ് പനേസറിന്റെ വെളിപ്പെടുത്തല്‍.
സച്ചിനെ കൂടാതെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സങ്കക്കാരയും മഹേള ജയവര്‍ധനയുമാണ് പനേസറിന്റെ ലിസ്റ്റിലെ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരെക്കുറിച്ചാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറിന് പറയാനേറെയുള്ളത്. തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്സ്മാന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ ഏറെ മുകളിലാണ് സച്ചിന്, സെവാഗ്, ദ്രാവിഡ് എന്നിവരുടെ സ്ഥാനമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു.
‘ബൗളര്‍മാരോട് യാതൊരു ദയയുമില്ലാത്തയാളാണ് സച്ചിന്. ക്രീസില്‍ ഉറച്ചുകഴിഞ്ഞാല്‍ പുറത്താക്കുക ദുഷ്കരമാണ്. കഠിനമായി പരിശ്രമിച്ചാല്‍ മാത്രമേ സച്ചിന്റെ വിക്കറ്റ് ലഭിക്കുകയുള്ളൂ. വിരേന്ദര്‍ സെവാഗും, രാഹുല്‍ ദ്രാവിഡും മികച്ച പോരാളികളാണ്. ഞാന്‍ കളിക്കുന്ന മത്സരങ്ങളില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായിരുന്നു സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ അദ്ദേഹം മാറ്റി. നമ്മള് വന്മതിലെന്നു വിളിക്കുന്ന രാഹുല്‍ ദ്രാവിഡ് ശരിക്കും മതില് തന്നെയാണ്, മഹാനായ ബാറ്റ്സ്മാനാണ് അദ്ദേഹം. ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോള്‍ മറ്റുള്ളവരേക്കാള്‍ വീതിയുള്ള ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് വരെ നമുക്ക് തോന്നിപോകും. അത്രയും കടുത്ത പ്രതിരോധമായിരുന്നു ദ്രാവിഡിന്റേത്’ പനേസര്‍ ഓര്‍ത്തെടുത്തു.
‘തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്സ്മാന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മുകളിലാണ് സച്ചിന്, സെവാഗ്, ദ്രാവിഡ് എന്നിവരുടെ സ്ഥാനം. സച്ചിന്, ദ്രാവിഡ്, ലക്ഷ്മണ് എന്നിവരെപ്പോലുള്ള അന്നത്തെ താരങ്ങള്‍ പെരുമാറ്റം കൊണ്ട് തങ്ങള്‍ക്കു മാതൃക കാണിച്ചവരാണ്. എങ്ങനെയാണ് കളത്തിനു പുറത്ത് പെരുമാറേണ്ടെന്നും അവര്‍ കാണിച്ചു തന്നു' പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളില്‍ നിന്നും 167 വിക്കറ്റുകളെടുത്തിട്ടുള്ള സ്പിന്‍ ബൌളറാണ് മോണ്ടി പനേസര്‍.