LiveTV

Live

Sports

കോവിഡ് ദുരിതാശ്വാസം; 50 ലക്ഷം നല്‍കി യുവരാജ്, 5000 പേര്‍ക്ക് ഭക്ഷ്യ സാധനങ്ങളുമായി ഹര്‍ഭജനും

മഹാമാരിക്കെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാനും യുവരാജ് രാജ്യത്തെ ജനങ്ങളോടു അഭ്യര്‍ഥിച്ചു

കോവിഡ് ദുരിതാശ്വാസം; 50 ലക്ഷം നല്‍കി യുവരാജ്, 5000 പേര്‍ക്ക് ഭക്ഷ്യ സാധനങ്ങളുമായി ഹര്‍ഭജനും

രാജ്യത്തെ ബാധിച്ച പകർച്ചവ്യാധിക്കെതിരെ ഇന്ത്യ പോരാട്ടം തുടരുമ്പോള്‍ സഹായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും. മുന്‍ ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ യുവരാജ് സിങ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഇന്നലെ 50 ലക്ഷം രൂപ സംഭാവന ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ വീതം നേരത്തേ സംഭാവന ചെയ്തിരുന്നു. മഹാമാരിക്കെതിരേ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാനും യുവരാജ് രാജ്യത്തെ ജനങ്ങളോടു അഭ്യര്‍ഥിച്ചു. ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ കരുത്തെന്നും എല്ലാവരും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നത് ശീലമാക്കണമെന്നും യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

5000 കുടുബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കൊണ്ട് ഹര്‍ഭജന്‍ സിങും രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ജലന്ധറിലെ 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങളെത്തിക്കാനാണ് ഹര്‍ഭജന്‍റെയും ഭാര്യ ഗീത ബസ്രയുടേയും തീരുമാനം.

ഇന്ത്യന്‍ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 80 ലക്ഷം രൂപ വിവിധ ദുരിതാശ്വാസ നിധികളിലേക്ക് സഹായം നല്‍കിയിരുന്നു. ഇന്ത്യയുടെ മുന്‍ ഓപ്പണറും ബി.ജെ.പിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.