LiveTV

Live

Sports

സിക്സര്‍ അടിച്ചതിന് ശാസിച്ചു, പിന്നീട് അതിന്‍റെ പൊരുൾ മനസിലായി; ദ്രാവിഡിനെക്കുറിച്ച് അയ്യര്‍

“ഈ ദിവസത്തെ അവസാന ഓവറിൽ ഇങ്ങനെയാണോ കളിക്കേണ്ടതെന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞതിന്‍റെ ശരിയായ പൊരുള്‍ പിന്നീടാണ് എനിക്ക് മനസിലായിത്തുടങ്ങിയത്”

സിക്സര്‍ അടിച്ചതിന് ശാസിച്ചു, പിന്നീട് അതിന്‍റെ പൊരുൾ മനസിലായി; ദ്രാവിഡിനെക്കുറിച്ച് അയ്യര്‍

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിനെ മതില്‍ പോലെ സംരക്ഷിച്ചതിന് രാഹുല്‍ ദ്രാവിഡിന് കിട്ടിയ വിളിപ്പേരാണ് വന്‍മതില്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികവ് കാട്ടിയ താരം ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലും ഐ.പി.എലിലും ആഭ്യന്തര മത്സരങ്ങളിലുമായി കളിക്കുന്ന നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം കൂടിയാണ് ദ്രാവിഡ്. ദ്രാവിഡിന്‍റെ ശിഷ്യന്മാരില്‍ പ്രധാനികളാണ് സഞ്ജു സാംസണും ശ്രേയസ് അയ്യരുമെല്ലാം. തന്‍റെ മെന്‍ററും കോച്ചുമൊക്കെ ആയിരുന്ന ദ്രാവിഡ് ആദ്യമായി തന്നെ കണ്ടപ്പോള്‍ ശാസിച്ച സംഭവം ഓര്‍ത്തെടുത്ത് പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. സിക്സടിച്ചതിന്റെ പേരിൽ ദ്രാവിഡ് തന്നെ ശാസിച്ച സംഭവമാണ് ശ്രേയസ് പങ്കുവെച്ചത്.

ശ്രേയസ് അയ്യര്‍ പറയുന്നു, ‘ഒരു ചതുർദിന മത്സരമായിരുന്നു അന്ന്. രാഹുൽ ദ്രാവിഡ് ആദ്യമായി എന്റെ കളി കാണുന്നത് അന്നാണ്. ആദ്യ ദിവസത്തെ കളിയുടെ അവസാന ഓവർ. ഞാൻ മുപ്പത് റണ്‍സോ മറ്റോ എടുത്ത് ക്രീസില്‍ നില്‍ക്കുകയാണ്. ഞാൻ സൂക്ഷ്മതയോടെ കളിച്ച് ആദ്യ ദിനം അവസാനിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അവസാന ഓവറിലെ അവസാന പന്ത് ക്രീസില്‍ നിന്നിറങ്ങി സിക്സർ പറത്തിയാണ് ഞാന്‍ അവസാനിപ്പിച്ചത്. ഡ്രസിങ് റൂമിലെ എല്ലാവരും ആവേശത്തോടെ ഓടി ബൗണ്ടറിക്കരികിലെത്തിയെത്തിയരുന്നു. ഞാന്‍ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ എന്നെ കാണാന്‍ ദ്രാവിഡ് അവിടെയെത്തിയിരുന്നു. എന്താണ് ഈ കാട്ടിയതെന്ന ഭാവമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നത്. ഈ ദിവസത്തെ അവസാന ഓവറിൽ ഇങ്ങനെയാണോ കളിക്കേണ്ടതെന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞതിന്‍റെ ശരിയായ പൊരുള്‍ പിന്നീടാണ് എനിക്ക് മനസിലായിത്തുടങ്ങിയത്.’ ശ്രേയസ് അയ്യര്‍ പറഞ്ഞു.