LiveTV

Live

Sports

വസീം ജാഫറിന്‍റെ ഓള്‍ടൈം ഏകദിന ഇലവന്‍; നായകനായി ധോണി  

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനും വസീം ജാഫറിന്‍റെ ഏകദിന ഇലവനില്‍ ഇടം പിടിക്കാനായില്ല

വസീം ജാഫറിന്‍റെ ഓള്‍ടൈം ഏകദിന ഇലവന്‍; നായകനായി ധോണി  

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലെ റണ്‍മെഷീനുമായ വസീം ജാഫര്‍ തന്‍റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനെ പ്രഖ്യാപിച്ചു. ലോകഇലവനിലെ താരങ്ങളെ തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ജാഫര്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന എം.എസ് ധോണിയാണ് ജാഫറിന്‍റെ ഇഷ്ട ഇലവനെയും നയിക്കുന്നത്. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനും വസീം ജാഫറിന്‍റെ ഏകദിന ഇലവനില്‍ ഇടം പിടിക്കാനായില്ല. ധോണിയുൾപ്പെടെ നാല് ഇന്ത്യൻ താരങ്ങളാണ് ഇലവനിലുള്ളത്.

സച്ചിൻ തെണ്ടുൽക്കറും രോഹിത് ശർമയുമാണ് ടീമിന്‍റെ ഓപ്പണിങ് താരങ്ങള്‍. വണ്‍ഡൌണായി മൂന്നാം നമ്പറിലിറങ്ങുന്നത് മുന്‍ വെസ്റ്റ് ഇന്ത്യന്‍ ഇതിഹാസം വിവിയൻ റിച്ചാർഡ്സും. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ജാഫറിന്‍റെ ഇലവനില്‍ നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി ഡിവില്ലിയേഴ്സിനും ഇംഗ്ലണ്ട് ഓൾ‌റൌണ്ടർ ബെൻ സ്റ്റോക്‌സിനും മധ്യനിരയില്‍ ഇടം ലഭിച്ചു.

പാക്കിസ്ഥാൻ മുൻ പേസ് ബൌളര്‍ വസീം അക്രമും ഓസ്‌ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തുമാണ് ബൌളിങ് നിരയെ നയിക്കുന്നത്. മുൻ വിൻ‌ഡീസ് പേസർ ജോയൽ ഗാർനറും ഇലവനിലുണ്ട്. ഒരു സ്പിന്നറുടെ സ്ഥാനത്തിനായി ജാഫറിന് രണ്ട് ഓപ്ഷനുകളുണ്ട്. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍, പാകിസ്താന്‍ താരം സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് ലിസ്റ്റിലുള്ളത്. ഒരാള്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ റിക്കി പോണ്ടിംഗിനെ തന്‍റെ ടീമിലെ 12-ാമനായാണ് ജാഫർ തിരഞ്ഞെടുത്തിരിക്കുന്നത്.

ജാഫറുടെ ഓള്‍ടൈം ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ (ഇന്ത്യ), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), വിരാട് കോലി (ഇന്ത്യ), എ.ബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ)/ സഖ്‌ലൈന്‍ മുഷ്താഖ് (പാകിസ്താന്‍), ജോയൽ ഗാർനര്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ). 12ാമന്‍- റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ).