LiveTV

Live

Sports

ഒളിംപിക്‌സ് 2021ലേക്ക് നീട്ടി

ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് മൂന്ന് ഒളിംപിക്സുകള്‍ റദ്ദാക്കിയിട്ടുണ്ട്...

ഒളിംപിക്‌സ് 2021ലേക്ക് നീട്ടി

കൊറോണ വൈറസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടോക്യോ ഒളിംപിക്‌സ് 2021ലേക്ക് നീട്ടിവെക്കാന്‍ തീരുമാനം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റി തലവനും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

'കായികതാരങ്ങളുടേയും കാണികളുടേയും സുരക്ഷയെ മുന്നില്‍ കണ്ടാണ് നടപടി. ഒരു വര്‍ഷത്തേക്ക് ടോക്യോ ഒളിംപിക്‌സ് നീട്ടിവെക്കുകയെന്ന നിര്‍ദേശം ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാഷിന് മുന്നില്‍ വെച്ചു. അക്കാര്യം അദ്ദേഹം നൂറുശതമാനം അംഗീകരിക്കുകയായിരുന്നു' എന്നാണ് ഷിന്‍സോ ആബെ മാധ്യമങ്ങളോട് പറഞ്ഞത്. ടോക്യോക്കും ജപ്പാനും നീട്ടിവെക്കാനുള്ള തീരുമാനം വലിയ തിരിച്ചടിയാണ് നല്‍കുക. ഒളിംപിക്‌സ് വേദികളുടെ നിര്‍മ്മാണം നിശ്ചയിച്ചതിലുംവേഗത്തില്‍ ജപ്പാന്‍ പൂര്‍ത്തിയാക്കിയിരുന്നു. ടിക്കറ്റുകളും വലിയ തോതില്‍ വിറ്റഴിക്കുകയും ഹോട്ടല്‍ റൂമുകള്‍ വരെ ബുക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഞ്ച് ദിവസം മുമ്പ് വരെ എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ഒളിംപിക്‌സുമായി മുന്നോട്ട് പോകുമെന്നായിരുന്നു ജപ്പാന്റേയും ഐ.ഒ.സിയുടേയും നിലപാട്. എന്നാല്‍ വലിയ തോതില്‍ ലോകത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ അന്തിമതീരുമാനം നാല് ആഴ്ച്ചക്കുള്ളിലുണ്ടാകുമെന്ന് ഞായറാഴ്ച്ച ചേര്‍ന്ന ഐ.ഒ.സി യോഗത്തില്‍ ധാരണയായി. ജൂലൈ 24 വരെ സമയമുണ്ടെന്നതും തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്ന സൂചനകള്‍ നല്‍കി.

എന്നാല്‍ ചൊവ്വാഴ്ച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജപ്പാന്‍ ദേശീയ ചാനലായ എന്‍.എച്ച്.കെ ഒരു വര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടുമെന്ന് റിപ്പോര്‍ട്ടു ചെയ്തു. ഇതിനുപിന്നാലെ കാനഡയും ആസ്‌ട്രേലിയയും ഒളിംപിക്‌സിന് കായികതാരങ്ങളെ അയക്കില്ലെന്ന് വ്യക്തമാക്കി. അമേരിക്ക അടക്കമുള്ള നിരവധി ലോകരാജ്യങ്ങളും ഇത്രയും സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്തുന്നതിനെതിരെ രംഗത്തെത്തി. ഇതോടെയാണ് ടോക്യോ ഒളിംപിക്‌സ് നീട്ടുന്ന തീരുമാനം വേഗത്തിലായത്.

വസൂരിയേയും പോളിയോയേയും തുരത്തിയ ഇന്ത്യക്ക് കൊറോണയേയും തോല്‍പിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന
Also Read

വസൂരിയേയും പോളിയോയേയും തുരത്തിയ ഇന്ത്യക്ക് കൊറോണയേയും തോല്‍പിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന

ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നീട്ടിവെക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് 1916ലും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് 1940ലും 1944ലും ഒളിംപിക്‌സ് റദ്ദാക്കുകയായിരുന്നു.