LiveTV

Live

Sports

മേരി കോം ക്വാറന്റെയ്ന്‍ വ്യവസ്ഥ ലംഘിച്ചു, രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു

ഉത്തര്‍പ്രദേശിലേയും രാജസ്ഥാനിലേയും എം.പിമാര്‍ക്കുവേണ്ടി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലാണ് രാജ്യസഭാ എം.പി കൂടിയായ മേരി കോം പങ്കെടുത്തത്... 

മേരി കോം ക്വാറന്റെയ്ന്‍ വ്യവസ്ഥ ലംഘിച്ചു, രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു

ബോക്‌സിംങ് താരവും രാജ്യസഭാ എം.പിയുമായ മേരി കോം 14 ദിവസത്തെ ക്വാറന്റെയ്ന്‍ നിരീക്ഷണ വ്യവസ്ഥ ലംഘിച്ചു. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ ഓഷ്യാനിയ ഒളിംപിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത് മാര്‍ച്ച് 13നാണ് മേരി കോം തിരിച്ചെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 27 വരെയുള്ള 14 ദിവസങ്ങളില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടയാളാണ് മേരികോം. എന്നാല്‍ ഇതാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തി നാലാം ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതിഭവനില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് മേരികോം പങ്കെടുത്തത്. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റു ചെയ്ത ചിത്രത്തില്‍ മേരി കോമും ഉണ്ട്. രാഷ്ട്രപതി ഭവനില്‍ യു.പിയിലേയും രാജസ്ഥാനിലേയും പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി രാഷ്ട്രപതി ഒരുക്കിയ വിരുന്ന് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

അതേ ദിവസം തന്നെ ബി.ജെ.പി എം.പി ദുഷ്യന്ത് സിംങും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദുഷ്യന്ത് സിംങ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ദുഷ്യന്ത് സിംങുമായി നേരിട്ട് സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വരെ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.