LiveTV

Live

Sports

ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

ആഘോഷത്തിന്റെ സൂചനകള്‍ പോലുമില്ലാതെയാണ് ജപ്പാന്‍ ഒളിംപിക് ദീപശിഖയെ സ്വീകരിച്ചത്...

ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്.

ജപ്പാനിലെ മിയാഗിയിലെ മാറ്റ്‌സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്‌സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്‌സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.

ഏതന്‍സില്‍ ഗ്രീക്ക് കായികമന്ത്രിയില്‍ നിന്നും ജാപ്പനീസ് നീന്തല്‍ താരം നവോകോ ഇമോട്ടോ ദീപശിഖ ഏറ്റുവാങ്ങുന്നു
ഏതന്‍സില്‍ ഗ്രീക്ക് കായികമന്ത്രിയില്‍ നിന്നും ജാപ്പനീസ് നീന്തല്‍ താരം നവോകോ ഇമോട്ടോ ദീപശിഖ ഏറ്റുവാങ്ങുന്നു

നേരത്തെ ഒളിംപിക് ദീപശിഖ ജപ്പാനിലേക്ക് പ്രയാണം ആരംഭിച്ച ഏതന്‍സിലെ പനാതെനയ്ക് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലും ജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പരമാവധി ആളുകളെ ഒഴിവാക്കി ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ദീപശിഖ പ്രയാണം ആരംഭിച്ചത്. ദീപശിഖ ഏറ്റുവാങ്ങാനായി ജപ്പാനില്‍ നിന്നും ആരും എത്തിയിരുന്നില്ല. ഏറെക്കാലമായി ഗ്രീസില്‍ താമസിക്കുന്ന ജാപ്പനീസ് നീന്തല്‍ താരം ഗ്രീക്ക് കായികമന്ത്രിയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.

ഒളിംപിക്‌സ് നടക്കുകയാണെങ്കില്‍ ആറ് ലക്ഷത്തോളം പേരെയാണ് ജപ്പാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വീകരിക്കേണ്ടി വരിക. കായികതാരങ്ങള്‍ അടക്കമുള്ളവരുടെ പരിശീലനത്തിനും താമസത്തിനുമൊക്കെ ഇപ്പോള്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മാറിയ സാഹചര്യത്തില്‍ കോവിഡ് 19 അകറ്റി നിര്‍ത്തുന്നത് ജപ്പാന് വെല്ലുവിളിയാകും. ഒളിംപിക്‌സ് നടന്നില്ലെങ്കില്‍ 3 ബില്യണ്‍ ഡോളറാണ്(ഏകദേശം 22500 കോടിരൂപ) ജപ്പാന് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം നഷ്ടമാവുക. ഏതാണ്ട് 12 ബില്യണ്‍ ഡോളറാണ്(89,000 കോടിരൂപ) ഒളിംപിക്‌സിനായി ജപ്പാന്‍ ചിലവിട്ടിട്ടുള്ളത്.

ഒളിംപിക്‌സ് നടന്നാല്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐ.ഒ.എ ഒഫീഷ്യല്‍
Also Read

ഒളിംപിക്‌സ് നടന്നാല്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐ.ഒ.എ ഒഫീഷ്യല്‍

ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പത് വരെയാണ് ടോക്യോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന ആവശ്യം പല മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കായിക മേളക്ക് മുമ്പ് ആവശ്യമായ മുന്നൊരുക്കം നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി കായികതാരങ്ങൡ നിന്നും ഉയരുന്നുണ്ട്. അതേസമയം ഒളിംപിക്‌സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിന് അല്‍പം കൂടി കാത്തിരിക്കാമെന്നാണ് ഐ.ഒ.സിയുടെ നിലപാട്.