LiveTV

Live

Sports

യൂറോ കപ്പും കോപ്പ അമേരിക്കയും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു

ടൂര്‍ണമെന്റ് മാറ്റിവെക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു

യൂറോ കപ്പും കോപ്പ അമേരിക്കയും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു

കോവിഡ് 19 വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും മാറ്റിവെച്ചു. അടുത്ത വര്‍ഷം നടത്താനാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്. 2021ല്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് യോഗം തീരുമാനിച്ചത്. നേരത്തെ ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ടൂര്‍ണമെന്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുവേഫയിലെ 55 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പലരും പങ്കെടുത്തത്. ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്.

അതിനിടെ, ഈ വർഷം നടക്കേണ്ട ലാറ്റിനമേരിക്കൻ ഫുട്ബോൾ ടൂർണമെന്റായ കോപ്പ അമേരിക്കയും ഒരു വർഷത്തേക്കു നീട്ടിവച്ചതായി റിപ്പോർട്ടുണ്ട്. ഇത്തവണ അർജന്റീനയിലും കൊളംബിയയിലുമായി ജൂൺ 12 മുതലാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. 1983നു ശേഷം ആദ്യമായാണ് രണ്ടു രാജ്യങ്ങൾ സംയുക്തമായി കോപ്പ അമേരിക്കയ്ക്ക് ആതിഥ്യം വഹിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 2021 ജൂൺ 11 മുതൽ ജൂലൈ 10 വരെയാകും ടൂർണമെന്റ് നടത്തുക.