LiveTV

Live

Sports

മൂന്ന് ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ചൈനീസ് നീന്തല്‍താരത്തിന് എട്ട് വര്‍ഷം വിലക്ക്

ടോക്യോയില്‍ ചൈനയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു സണ്‍...

മൂന്ന് ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ചൈനീസ് നീന്തല്‍താരത്തിന് എട്ട് വര്‍ഷം വിലക്ക്

മൂന്നു തവണ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള ചൈനീസ് നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടു വര്‍ഷത്തെ വിലക്ക്. 2018 സെപ്തംബറില്‍ ഉത്തേജക മരുന്ന് പരിശോധനക്കെത്തിയവരോട് സഹകരിച്ചില്ലെന്നും സാമ്പിളുകള്‍ നശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. നേരത്തെ അന്താരാഷ്ട്ര നീന്തല്‍ ഫെഡറേഷനായ ഫിന താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി നല്‍കിയ അപ്പീലിലാണ് ആര്‍ബിട്രേഷന്‍ കോടതി എട്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2018 സെപ്തംബറില്‍ സണിന്റെ വീട്ടിലേക്ക് ഉത്തേജക വിരുദ്ധ ഏജന്‍സി അധികൃതര്‍ പരിശോധനക്കെത്തിയിരുന്നു. അപ്പോള്‍ ഇവരെ ചോദ്യം ചെയ്ത സണ്‍ എടുത്ത സാമ്പിളുകള്‍ നശിപ്പിച്ചുകളയുകയും ചെയ്തു. അതേസമയം ഉത്തേജക വിരുദ്ധ ഏജന്‍സി പ്രതിനിധികള്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചില്ലെന്നാണ് സണ്‍ ആരോപിക്കുന്നത്. താന്‍ നിരപരാധിയാണെന്നും അപ്പീല്‍ നല്‍കുമെന്നും വിലക്ക് വിവരം അറിഞ്ഞ ശേഷം സണ്‍ പ്രതികരിച്ചു.

ഉത്തേജകം; മരുന്നടി രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്
Also Read

ഉത്തേജകം; മരുന്നടി രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 400 മീറ്ററിലും 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലുമായിരുന്നു സണ്‍ സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ 2016ലെ റിയോ ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ ഫീസ്റ്റൈലിലായിരുന്നു സ്വര്‍ണ്ണം. 2014ല്‍ നിരോധിച്ച ഉത്തേജകമരുന്നായ ട്രിമെറ്റാസിഡിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് താരത്തെ മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

നേരത്തെയും സണ്‍ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണ്ണം നേടിയ സണിന് കൈ കൊടുക്കാന്‍ പോഡിയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് താരം ഡന്‍കന്‍ സ്‌കോട്ട് തയ്യാറായിരുന്നില്ല. 'നീ തോറ്റയാളാണ്, ഞാനാണ് വിജയി' എന്ന് സണ്‍ പോഡിയത്തില്‍ വെച്ച് ഡന്‍കന്‍ സ്്‌കോട്ടിനോട് പറഞ്ഞിരുന്നു. ആസ്‌ട്രേലിയന്‍ നീന്തല്‍താരം മാക് ഹോര്‍ട്ടണ്‍ 2016 റിയോ ഒളിംപിക്‌സിനിടെ സണ്ണിനെ മരുന്നടിക്കുന്ന ചതിയന്‍ എന്നു വിളിച്ചതും വിവാദമായിരുന്നു.