LiveTV

Live

Sports

ഫോര്‍മുല 1: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനീസ് ഗ്രാന്റ് പ്രീ നീട്ടി

2004 മുതല്‍ ചൈനീസ് ഗ്രാന്റ് പ്രീ നടക്കുന്നുണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് 40 ദശലക്ഷം ഡോളറെങ്കിലും(ഏകദേശം 285 കോടിരൂപ) ഓരോ ഗ്രാന്റ് പ്രീയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.

ഫോര്‍മുല 1: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനീസ് ഗ്രാന്റ് പ്രീ നീട്ടി

കൊറോണ വൈറസ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ഫോര്‍മുല വണ്‍ കാര്‍ റേസിന്റെ ഭാഗമായ ചൈനീസ് ഗ്രാന്റ് പ്രീ നീട്ടിവെച്ചു. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കാര്‍ റേസാണ് നീട്ടിയിരിക്കുന്നത്. ചൈനീസ് ഗ്രാന്റ് പ്രീ നീട്ടാനുള്ള തീരുമാനം സംയുക്തമായാണ് എടുത്തിരിക്കുന്നതെന്ന് ഫോര്‍മുല വണ്‍, എഫ്.ഐ.എ അധികൃതര്‍ വ്യക്തമാക്കി.

കൊറോണയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ചൈനയിലെ ആരാധകരുടെ ബാഹുല്യവും ജനപിന്തുണയും കണക്കിലെടുക്കുമ്പോള്‍ വന്‍നഷ്ടം സഹിച്ചാണ് ഫോര്‍മുലവണ്‍ അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ നീട്ടിയെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും തിരക്കു പിടിച്ച ഫോര്‍മുല വണ്‍ ഷെഡ്യൂളില്‍ ഇനിയൊരു മാറ്റം വരുത്തി ചൈനീസ് ഗ്രാന്റ് പ്രീ ഈ വര്‍ഷം നടത്താനുള്ള സാധ്യത വിരളമാണ്.

കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടോ? അറിയാം
Also Read

കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടോ? അറിയാം

വിവിധ രാജ്യങ്ങളിലായി ആകെ 22 റേസുകളാണ് ഫോര്‍മുല വണ്ണില്‍ ഒരു വര്‍ഷമുണ്ടാവുക. ചൈനീസ് ഗ്രാന്റ് പ്രീ നീട്ടിയതോടെ ഇത് 21ആയി ഈ വര്‍ഷം കുറഞ്ഞേക്കും. ഇതോടെ ഏപ്രില്‍ അഞ്ചിന് വിയറ്റ്‌നാമില്‍ നടക്കുന്ന റേസിന് ശേഷം നാല് ആഴ്ച്ചത്തെ ഇടവേള മെയ് മൂന്ന് ആരംഭിക്കുന്ന ഡച്ച് ഗ്രാന്റ് പ്രീക്ക്് മുന്നോടിയായി ഉണ്ടാകും.

ഫോര്‍മുല വണ്ണിന്റെ അമേരിക്കന്‍ മുതലാളിമാരായ ലിബര്‍ട്ടി മീഡിയക്ക് വലിയ നഷ്ടമാണ് ഈ നീക്കം ഉണ്ടാക്കുക. 2004 മുതല്‍ ചൈനീസ് ഗ്രാന്റ് പ്രീ നടക്കുന്നുണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് 40 ദശലക്ഷം ഡോളറെങ്കിലും(ഏകദേശം 285 കോടിരൂപ) ഓരോ ഗ്രാന്റ് പ്രീയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.

2011ലെ ബെഹ്‌റിന്‍ ഗ്രാന്റ് പ്രീയാണ് ഇതിന് മുമ്പ് അവസാനമായി റദ്ദാക്കേണ്ടി വന്നത്. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. എങ്കിലും അന്ന് ബെഹ്‌റിന്‍ ലിബര്‍ട്ടി മീഡിയക്ക് നിശ്ചിത ഫീസ് നല്‍കിയിരുന്നു. ചൈനീസ് ഗ്രാന്റ് പ്രീ നീട്ടിയതുകൊണ്ട് അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.