LiveTV

Live

Sports

കോബെ ബ്രയാന്റ് ഹെലിക്കോപ്റ്റര്‍ യാത്ര തെരഞ്ഞെടുത്തിരുന്നതിന് പിന്നില്‍

തങ്ങള്‍ ഒരിക്കലും ഒരുമിച്ച് ഹെലികോപ്റ്ററില്‍ യാത്ര ചെയ്യില്ലെന്ന് കോബെ ബ്രയന്റും ഭാര്യ വനേസയും നേരത്തേ തീരുമാനിച്ചിരുന്നു...

കോബെ ബ്രയാന്റ് ഹെലിക്കോപ്റ്റര്‍ യാത്ര തെരഞ്ഞെടുത്തിരുന്നതിന് പിന്നില്‍

കോബെ ബ്രയാന്റും 13കാരി മകളും അടക്കം ഒമ്പത് പേരാണ് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചത്. ഞായറാഴ്ച്ച ദക്ഷിണ കാലിഫോര്‍ണിയയിലായിരുന്നു കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം. വിവിധ കായികരംഗങ്ങളിലെ താരങ്ങള്‍ തലമുറകളെ പ്രചോദിപ്പിച്ച കോബെക്ക് അന്ത്യാഞ്ജലി നേര്‍ന്നു.

അഞ്ച് തവണ എന്‍.ബി.എ ചാമ്പ്യനായ കോബെയുടെ യാത്രകളില്‍ ഭൂരിഭാഗവും ഹെലിക്കോപ്റ്ററിലായിരുന്നു. റോഡ് വഴിയുള്ള യാത്രയേക്കാള്‍ ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കാന്‍ കോബെക്ക് തന്റേതായ കാരണങ്ങളുമുണ്ടായിരുന്നു. ലോസ് ആഞ്ചല്‍സിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു ഇതില്‍ ഒന്ന്.

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു 
Also Read

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു 

നാല് കുട്ടികളുടെ പിതാവ് കൂടിയായ കോബെ തന്റെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ലഭിക്കുമെന്നതുകൂടി കണക്കുകൂട്ടിയാണ് ഹെലിക്കോപ്റ്റര്‍ യാത്രകള്‍ തെരഞ്ഞെടുത്തിരുന്നത്. സമയമെത്തും മുമ്പേ കോബെയുടേയും മകളുടേയും ജീവനെടുത്തതും ഇത്തരമൊരു ഹെലികോപ്റ്റര്‍ യാത്രയെന്നതും മറ്റൊരു സത്യം.

അവസരം കിട്ടുമ്പോഴെല്ലാം മക്കളെ സ്‌കൂളില്‍ നിന്നും കൊണ്ടുവന്നിരുന്നതും കോബെയായിരുന്നു. ലഭ്യമായതില്‍ പരമാവധി സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു ഇത്. 'അവരെ ഞാന്‍ സ്‌കൂളില്‍ നിന്നും കൊണ്ടുവരാമല്ലോ എന്നാണ് ഭാര്യ പറയാറ്. എന്നാല്‍ വേണ്ട, വേണ്ടെന്ന് മാത്രമായിരുന്നു എന്റെ മറുപടി. കളിയുടെ ഭാഗമായി ഒരുപാട് സമയം വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കൊപ്പം കഴിയാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്താറില്ല. അത് 20മിനുറ്റാണെങ്കില്‍ പോലും എനിക്കത് വേണം' എന്നായിരുന്നു കോബെ ബ്രയാന്റ് ഒരിക്കല്‍ പറഞ്ഞത്.

മത്സരങ്ങള്‍ക്കും പരിശീലനത്തിനും പോകുമ്പോള്‍ പോലും കോബെ സ്വകാര്യ ഹെലിക്കോപ്റ്ററിനെയാണ് ആശ്രയിച്ചിരുന്നത്. എന്‍.ബി.എയില്‍ ചരിത്രം രചിച്ച കോബെയുടെ ഈ ഹെലികോപ്്റ്റര്‍ യാത്രകളും ചരിത്രമായി. ശാരീരികമായി ഏറ്റവും മികച്ച അവസ്ഥയിലാണെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗമായി കൂടിയാണ് അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ഹെലികോപ്റ്റര്‍ യാത്രകളെ കണ്ടിരുന്നത്.

ആറടി ആറ് ഇഞ്ച് ഉയരവും 96 കിലോഗ്രാം ഭാരവുമുള്ള കോബെ ബ്രയന്റിന് കാല്‍ മുട്ടിലേയും പുറത്തേയും വേദനയും പരിക്കുകളും കരിയറിലുടനീളം തുടര്‍ക്കഥയായിരുന്നു. മണിക്കൂറുകള്‍ നീളുന്ന കാര്‍ യാത്ര പരമാവധി ഒഴിവാക്കി ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്നും ആരോഗ്യം ഉറപ്പാക്കുന്നതിനായിരുന്നു.

20 വര്‍ഷം നീണ്ട എന്‍.ബി.എ കരിയറില്‍ ലോസ് ആഞ്ചേഴ്‌സ് ലേക്കേഴ്‌സിന്റെ മാത്രം താരമായിരുന്നു കോബി ബ്രയാന്റ്. 33643 പോയിന്റുകളാണ് ഇക്കാലത്ത് ബ്രയാന്റ് വാരിക്കൂട്ടിയത്. ഓരോ കളിയിലും ശരാശരി നേടിയത് 25 പോയിന്റുകള്‍. അവസാന മത്സരത്തില്‍ പോലും 60 പോയിന്റ് നേടി ലേക്കേഴ്‌സിനെ വിജയിപ്പിച്ചതിന് ശേഷമാണ് താരം വിരമിച്ചത്.