LiveTV

Live

Sports

തോല്‍വിയറിയാതെ 111 മത്സരങ്ങള്‍, ചെസില്‍ പുതു ചരിത്രം സൃഷ്ടിച്ച് കാള്‍സണ്‍

റഷ്യയുടെ സെര്‍ജി തിവിയക്കോവ് 2005ല്‍ സ്ഥാപിച്ച തുടര്‍ജയങ്ങളുടെ റെക്കോഡാണ് കാള്‍സണ്‍ മറികടന്നിരിക്കുന്നത്....

തോല്‍വിയറിയാതെ 111 മത്സരങ്ങള്‍, ചെസില്‍ പുതു ചരിത്രം സൃഷ്ടിച്ച് കാള്‍സണ്‍

ചെസില്‍ പുതിയൊരു റെക്കോഡുകൂടി മാഗ്നസ് കാള്‍സന്‍ സ്വന്തം പേരിലാക്കി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ക്ലാസിക്കല്‍ ചെസ് മത്സരങ്ങള്‍ ജയിച്ചതിന്റെ റെക്കോഡാണ് കാള്‍സണ്‍ സ്വന്തമാക്കിയത്. 29കാരനായ കാള്‍സണ്‍ 111 മത്സരങ്ങളാണ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. റഷ്യയുടെ സെര്‍ജി തിവിയക്കോവ് 2005ല്‍ സ്ഥാപിച്ച തുടര്‍ജയങ്ങളുടെ റെക്കോഡാണ് കാള്‍സണ്‍ മറികടന്നിരിക്കുന്നത്.

ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ(Wijk aan Zee tournament) നാലാം റൗണ്ടില്‍ ജോര്‍ഡന്‍ വാന്‍ ഫോറേസ്റ്റിനെ സമനിലയില്‍ പിടിച്ചാണ് കാള്‍സണ്‍ റെക്കോഡ് സ്വന്തമാക്കിയത്. സെര്‍ജി തിവിയക്കോവിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തരായ താരങ്ങളെയാണ് കാള്‍സണ് നേരിടേണ്ടി വന്നതെന്നതും ശ്രദ്ധേയമാണ്. തിവിയക്കോവ് ശരാശരി 2476 ഫിഡെ റേറ്റിംങുള്ള താരങ്ങളെയാണ് തോല്‍പിച്ചതെങ്കില്‍ കാള്‍സണ്‍ തോല്‍പിച്ച ചെസ് താരങ്ങളുടെ റേറ്റിംങ് ശരാശരി 2700 വരും.

മാഗ്നെസ് കാള്‍സണ്‍(ഇടത്ത്) വാന്‍ ഫോറസ്റ്റിനെ നേരിടുന്നു
മാഗ്നെസ് കാള്‍സണ്‍(ഇടത്ത്) വാന്‍ ഫോറസ്റ്റിനെ നേരിടുന്നു

അതേസമയം താന്‍ റെക്കോഡ് ഭേദിച്ചിട്ടില്ലെന്നും രണ്ട് മത്സരം കൂടി അതിന് കാത്തിരിക്കണമെന്നുമാണ് കാള്‍സന്റെ നിലപാട്. നോര്‍വീജിയന്‍ ലീഗില്‍ അടുത്തിടെ നടന്ന രണ്ട് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുക്കാത്തതാണ് ഇതിന് കാരണം. 'ഉയര്‍ന്ന നിലവാരത്തിലുള്ള എതിരാളികളുമായി 109 മത്സരങ്ങളിലും മികച്ച എതിരാളികളുമായി 111 മത്സരങ്ങളിലും ജയിച്ചെന്നാണ് കരുതുന്നത്. ഇത് സന്തോഷമുള്ള കാര്യമാണ്' എന്നായിരുന്നു കാള്‍സന്റെ പ്രതികരണം.

തുടര്‍ജയങ്ങളുടെ റെക്കോഡ് നേടുകയെന്ന സമ്മര്‍ദം മൂലമാണ് കാള്‍സണ്‍ 13 മത്സരങ്ങളുള്ള ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. നാലാം റൗണ്ടില്‍ വാന്‍ ഫോറെസ്റ്റിനെതിരെയും കാള്‍സണ്‍ സമനിലയിലാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍കാള്‍സണ്‍ കാണിച്ച അലസത മുതലാക്കിയ ഫോറെസ്റ്റ് ഒരവസരത്തില്‍ ജയിക്കുമെന്ന് പോലും തോന്നിപ്പിച്ചിരുന്നു.