LiveTV

Live

Sports

കര്‍ശന പരിശോധന മറികടന്നും വാങ്കഡെയില്‍ പൗരത്വബില്ലിനെതിരെ പ്രതിഷേധം

വിദ്യാര്‍ഥികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ കനത്ത സുരക്ഷയാണ് വാങ്കഡെയില്‍ ഒരുക്കിയിരുന്നത്. ഈ പരിശോധനകരെ കബളിപ്പിച്ചായിരുന്നു പ്രതിഷേധക്കാര്‍ സ്റ്റേഡിയത്തിലെത്തിയത്...

കര്‍ശന പരിശോധന മറികടന്നും വാങ്കഡെയില്‍ പൗരത്വബില്ലിനെതിരെ പ്രതിഷേധം

പൗരത്വബില്ലിനെതിരെ പ്രതിഷേധവുമായി വരുന്ന ഒരാളെ പോലും കവാടംകടത്തി വിടരുതെന്നായിരുന്നു ജീവനക്കാര്‍ക്ക് വാങ്കഡെ സ്‌റ്റേഡിയം അധികൃതര്‍ നല്‍കിയിരുന്ന നിര്‍ദേശം. പ്രതിഷേധക്കാര്‍ ഇന്ത്യ ആസ്‌ട്രേലിയ മത്സരത്തിനെത്താന്‍ സാധ്യതയുണ്ടെന്ന പൊലീസ് വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ കാവല്‍ക്കാരെ കബളിപ്പിച്ച് സ്റ്റേഡിയത്തിനുള്ളില്‍ കടന്ന വിദ്യാര്‍ഥികള്‍ ഏകദിന മത്സരത്തിനിടെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.

മത്സരത്തിനിടെ പ്ലക്കാര്‍ഡുകളും നിറങ്ങളും ബാനറുകളും അനുവദിക്കാതിരുന്നത് മുബൈ പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങള്‍ തല്‍സമയ പ്രക്ഷേപണങ്ങളില്‍ ഉള്‍പ്പെടാതെ നോക്കണമെന്ന നിര്‍ദേശം ടി.വി ചാനല്‍ സംഘങ്ങള്‍ക്കും നല്‍കിയിരുന്നു.

കറുത്ത വസ്ത്രം ധരിച്ചവരായിരുന്നു പ്രധാന നോട്ടപ്പുള്ളികള്‍. ഇന്ത്യയുടെ ജേഴ്‌സിക്ക് കീഴെ കറുത്ത ടീഷര്‍ട്ട് ധരിച്ചവരെയെല്ലാം ഒന്നൊഴിയാതെ പിടികൂടി. മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്തതിനാല്‍ തുടക്കത്തില്‍ കാണികളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ പോലും ഈ പിടികൂടല്‍ തുടര്‍ന്നു. ഇവരെ സ്റ്റേഡിയത്തിനികത്തെ പ്രത്യേകം മുറികളിലേറ്റ് മാറ്റുകയും ചെയ്തു. എന്നിട്ടും ഗാലറിയില്‍ NO CAA, NO NRC, NO NPR മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഇത് എഴുതിയ ടീഷര്‍ട്ട് ധരിച്ചുള്ള പ്രതിഷേധക്കാരും ഉയര്‍ന്നുവന്നു.

കറുത്ത ടീഷര്‍ട്ടുള്ളവരെയാകും പിടികൂടുകയെന്ന് മുന്‍കൂട്ടി കണ്ട് വെള്ള ടീഷര്‍ട്ട് ധരിച്ചായിരുന്നു വിദ്യാര്‍ഥികളായ പ്രതിഷേധക്കാര്‍ വാങ്കഡെയിലെത്തിയത്. N, R, C, A, O, P എന്നീ അക്ഷരങ്ങളും NO എന്നും പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ 25 വിദ്യാര്‍ഥികളുടെ സംഘമാണ് സുരക്ഷാ പരിശോധകരെ കബളിപ്പിച്ച് ഉള്ളിലെത്തിയത്. ഇവര്‍ മത്സരം തുടങ്ങിയതോടെ നിരനിരയായി നിന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.