LiveTV

Live

Sports

യാത്രാദുരിതം പഴങ്കഥ; കേരള കായികതാരങ്ങൾ ഗുവാഹതിയിൽ പറന്നിറങ്ങി

അസമിലെ ഗുവാഹതിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് ഇത്തവണ യാത്രയെക്കുറിച്ച് ആശങ്കയില്ല

യാത്രാദുരിതം പഴങ്കഥ; കേരള കായികതാരങ്ങൾ ഗുവാഹതിയിൽ പറന്നിറങ്ങി

സംസ്ഥാനത്തിനു പുറത്തെ മത്സരങ്ങൾക്കു പോകുന്ന കായികതാരങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് യാത്രാ ബുദ്ധിമുട്ടുകൾ. ദിവസങ്ങളോളം തീവണ്ടിയിലിരുന്നാണ് വിദൂരസംസ്ഥാനങ്ങളിൽ പോലും നടക്കുന്ന മത്സരങ്ങൾക്ക് താരങ്ങൾ പോയിവരാറ്. റിസർവേഷൻ ലഭിക്കാതെ ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യേണ്ടിവന്ന അനുഭവം പോലുമുണ്ട്, കേരളത്തെ പ്രതിനിധീകരിച്ച് ട്രാക്കിലും ഫീൽഡിലുമിറങ്ങുന്ന പല കായിക താരങ്ങൾക്കും.

എന്നാൽ, അസമിലെ ഗുവാഹതിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് ഇത്തവണ യാത്രയെക്കുറിച്ച് ആശങ്കയില്ല. മേളയിൽ പങ്കെടുക്കുന്ന 286 താരങ്ങൾക്കും സംസ്ഥാന കായികവകുപ്പ് വിമാനത്തിലാണ് യാത്ര ഒരുക്കിയത്. വോളിബോൾ, അണ്ടർ 17 വനിതാ കബഡി ടീം അംഗങ്ങൾ വിമാനമാർഗം ഗുവാഹതിയിലെത്തി. ഇതാദ്യമായാണ് ദേശീയതലത്തിലുള്ള കായികമേളക്കുള്ള കേരളതാരങ്ങൾക്ക് വിമാനമാർഗം യാത്രയൊരുക്കുന്നത്.

കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലെത്തിയ ടീം അവിടെനിന്ന് ഇന്ന് രാവിലെയാണ് മറ്റൊരു വിമാനത്തിൽ ഗുവാഹതിയിലെത്തിയത്. ഗുവാഹതിയിലെത്തിയ താരങ്ങൾക്ക് കായികമന്ത്രി ഇ.പി ജയരാജൻ ആശംസകൾ നേർന്നു.

യാത്രാദുരിതം പഴങ്കഥ; കേരള കായികതാരങ്ങൾ ഗുവാഹതിയിൽ പറന്നിറങ്ങി
Mohamed Shafi