LiveTV

Live

Sports

ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളത്തിന്

പുരുഷവിഭാഗത്തില്‍ റെയില്‍വേസിനെ തോല്‍പിച്ച് തമിഴ്‌നാട് ജേതാക്കളായി...

ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളത്തിന്

ഭുവനേശ്വറില്‍ നടന്ന 68ആമത് ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളം നിലനിര്‍ത്തി. ഫൈനലില്‍ റെയില്‍വേസിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. സ്‌കോര്‍: 25-18, 25-14, 25-13.

ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കേരളം കിരീടം ചൂടിയത്. ക്വാര്‍ട്ടറില്‍ ഹിമാചലിനേയും സെമിയില്‍ മഹരാഷ്ട്രയേയും തോല്‍പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ ഒക്ടോബറില്‍ നടന്ന ഫെഡറേഷന്‍ കപ്പ് ഫൈനലിലും കേരളം റെയില്‍വേസിനെ തോല്‍പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ വോളിബോള്‍ ഫൈനലിലും കേരളം റെയില്‍വേസിനെ തോല്‍പിച്ചാണ് കപ്പുയര്‍ത്തിയത്. അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരള ടീമിനെ ഡോ. സി എസ് സദാനന്ദനാണ് പരിശീലിപ്പിക്കുന്നത്.

പുരുഷവിഭാഗം ജേതാക്കളായ തമിഴ്നാട് ടീം
പുരുഷവിഭാഗം ജേതാക്കളായ തമിഴ്നാട് ടീം

പുരുഷവിഭാഗം സെമിഫൈനലില്‍ കേരളം റെയില്‍വേസിനോട് തോറ്റ് പുറത്തായിരുന്നു. ഫൈനലില്‍ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ച് തമിഴ്‌നാട് പുരുഷവിഭാഗത്തില്‍ ജേതാക്കളായി.