LiveTV

Live

Sports

‘ഞാന്‍ ദേഷ്യത്തിലായിരുന്നു’ എതിരാളിക്ക് മത്സരശേഷം കൈകൊടുക്കാതെ മേരി കോം

ബോക്‌സിംങ് റിങില്‍ വെച്ച് മേരികോം തന്നെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചെന്നും നിഖാത്ത് സരീന്‍ ആരോപിച്ചു...

‘ഞാന്‍ ദേഷ്യത്തിലായിരുന്നു’ എതിരാളിക്ക് മത്സരശേഷം കൈകൊടുക്കാതെ മേരി കോം

തെലങ്കാനയുടെ 23കാരി ബോക്‌സര്‍ നിഖാത്ത് സരീനെ തോല്‍പിച്ചാണ് മേരി കോം 51കിലോഗ്രാം വിഭാഗത്തില്‍ ടോക്യോ ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന് ഇന്ത്യന്‍ പ്രതിനിധിയായിരിക്കുന്നത്. 9-1ന് മേരി കോം ജയിച്ചെങ്കിലും മത്സരശേഷം മേരി സരീന് കൈ കൊടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. മാത്രമല്ല ബോക്‌സിംങ് റിംങില്‍ വെച്ച് മേരി കോം തനിക്കെതിരെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ചൊരിഞ്ഞെന്നും നിഖാത്ത് സരീന്‍ ആരോപിച്ചിരിക്കുകയാണ്.

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുകയാണ് മേരി കോമും നിഖാത്ത് സരീനും തമ്മിലുള്ള ബോക്‌സിംങ് മത്സരം. ആറ് തവണ ലോകചാമ്പ്യനായ മേരി കോമിനെ ട്രയല്‍സില്‍ പങ്കെടുപ്പിക്കാതെ 51 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി അയക്കാന്‍ ബോക്‌സിംങ് ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. മത്സരം നടത്താതെ പ്രതിനിധിയെ തീരുമാനിക്കുന്നതിനെതിരെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന് തുറന്ന കത്തെഴുതിയാണ് അന്ന് നിഖാത്ത് സരീന്‍ പ്രതിഷേധിച്ചത്.

സംഭവം വിവാദമായതോടെ ബോക്‌സിംങ് ഫെഡറേഷന്‍ മേരി കോമിന്റെ 51 കിലോഗ്രാം വിഭാഗത്തിലും ട്രയല്‍സ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ പരസ്യമായി വെല്ലുവിളിച്ച നിഖാത്ത സരീനെതിരെ അമര്‍ഷം കടിച്ചുപിടിച്ചാണ് മേരി കോം മത്സരത്തിനിറങ്ങിയത്. അത് മത്സരശേഷം അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തം.

പരസ്യമായി വെല്ലുവിളിച്ച സരീനെ ഇടിച്ചിട്ട് മേരികോം
Also Read

പരസ്യമായി വെല്ലുവിളിച്ച സരീനെ ഇടിച്ചിട്ട് മേരികോം

'സംശയം വേണ്ട, ഞാന്‍ അല്‍പം ദേഷ്യത്തിലായിരുന്നു. ആദ്യം സ്വയം തെളിയിക്കൂ എന്നിട്ട് മതി വാചകമടി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. റിംങില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അനാവശ്യ വിവാദങ്ങളിലേക്ക് നിങ്ങളാണ് എന്റെ പേര് വലിച്ചിഴച്ചത്. എന്നിട്ട് നല്ലപിള്ള ചമയാന്‍ ശ്രമിക്കരുത്.

മത്സരശേഷം ഞാന്‍ അവരെ കെട്ടിപിടിച്ചില്ല, സത്യമാണ്. അതിലെന്താണിത്ര കാര്യം? ഞാനല്ല ഇതൊന്നും തുടങ്ങിവെച്ചത്. ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ അവരുമായി മത്സരിക്കില്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് എന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്?'മത്സരശേഷവും ദേഷ്യം അടങ്ങാതെ മേരി കോം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം മത്സരശേഷം കെട്ടിപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിമാറ്റി വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയാണ് മേരികോം ചെയ്തതെന്നാണ് നിഖാത്ത് സരീന്‍ ആരോപിക്കുന്നത്. 'ആദ്യ രണ്ട് റൗണ്ടുകളില്‍ എനിക്കായിരുന്നു മുന്‍തൂക്കമെന്നാണ് കരുതുന്നത്. തോല്‍വിയേക്കാള്‍ മേരികോമിന്റെ റിംങിലെ പെരുമാറ്റമാണ് എന്നെ വേദനിപ്പിച്ചത്. മത്സരശേഷം റിങില്‍വെച്ച് മേരി എന്നെ അധിക്ഷേപിച്ചു. അവരെ പോലുള്ള താരത്തില്‍ നിന്നും ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല' ഹൈദരാബാദില്‍ നിന്നുള്ള 23കാരിയായ സരീന്‍ പറഞ്ഞു.

തെലങ്കാന ബോക്‌സിംങ് അസോസിയേഷന്‍ ഒഫീഷ്യല്‍ എ.പി റെഡ്ഡിയും മേരി കോമിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രസിദ്ധികൊണ്ടാണ് മേരി കോം ജയിച്ചതെന്നും മത്സരഫലത്തിനെതിരെ അപ്പീല്‍ പോകുമെന്നുമായിരുന്നു റെഡ്ഡിയുടെ പരാമര്‍ശങ്ങള്‍. അതേസമയം ബോക്‌സിംങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംങ് മേരി കോമിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. കായികരംഗത്തെ വൈകാരിക നിമിഷങ്ങളായി ഇതിനെ കണ്ടാല്‍ മതിയെന്നും മേരി കോമും മനുഷ്യനാണെന്നുമായിരുന്നു അജയ് സിംങിന്റെ പ്രതികരണം.