LiveTV

Live

Sports

കാര്യവട്ടത്ത് ‘വിന്‍’ഡീസ്

ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു.

കാര്യവട്ടത്ത് ‘വിന്‍’ഡീസ്

കാര്യവട്ടത്തെ രണ്ടാം ടി20യില്‍ ജയിച്ച് ഇന്ത്യക്കെതിരായ പരമ്പരയില്‍ വിന്‍ഡീസ് ഒപ്പമെത്തി. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപണര്‍മാരായ സിമ്മണ്‍സിന്റെയും(66*) ലൂയിസിന്റേയും(40) ബാറ്റിംങാണ് വിന്‍ഡീസിനെ വേഗത്തില്‍ വിജയിപ്പിച്ചത്. ഇതോടെ മൂന്നാം ടി20 നിര്‍ണ്ണായകമായി.

സഞ്ജു കളിക്ക് പുറത്തു തന്നെ, കാര്യവട്ടത്തും അവസരമില്ല
Also Read

സഞ്ജു കളിക്ക് പുറത്തു തന്നെ, കാര്യവട്ടത്തും അവസരമില്ല

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വെസ്റ്റ് ഇന്‍ഡീസിനായി ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. വിന്‍ഡീസ് സ്കോര്‍ 73 റണ്‍സില്‍ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 35 പന്തില്‍ 40 റണ്ണെടുത്ത ലൂയിസിനെ വാഷിംങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സ്റ്റംമ്പ് ചെയ്യുകയായിരുന്നു.

പിന്നീടെത്തിയ ഹെറ്റ്‌മെയര്‍ കൂറ്റനടികളോടെ വേഗം കൂട്ടി മൂന്ന് സിക്‌സറടിച്ച ഹെറ്റ്‌മെയര്‍ ജഡേജയെ നാലാം സിക്‌സിന് ശ്രമിച്ചപ്പോള്‍ മിഡ് ഓണില്‍ ക്യാപ്റ്റന്‍ കോഹ്‌ലി ബൗണ്ടറി വരയോട് ചേര്‍ന്ന് പറന്നു പിടിക്കുകയായിരുന്നു. ഒരുവേള കോഹ്‌ലിയുടെ ക്യാച്ചിലൂടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന സിമ്മണ്‍സും പൂരനും(34) ഇന്ത്യക്ക് പഴുതു നല്‍കിയില്ല.

ബാറ്റിംങിനിറങ്ങിയ എല്ലാ വിന്‍ഡീസ് താരങ്ങളും സിക്സറടിക്കുകയും ചെയ്തു. സിമ്മണ്‍സ്(4), ലൂയിസ്(3), ഹേറ്റ്‌മേയര്‍(3), പൂരന്‍(2) എന്നിങ്ങനെയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ നേടിയ സിക്‌സറുകളുടെ കണക്ക്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ശിവം ദുബെ അര്‍ധസെഞ്ചുറി നേടി. ആദ്യ ടി 20യില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിനേയും(11) രോഹിത്ത് ശര്‍മ്മയേയും(15) നിലയുറപ്പിക്കും മുമ്പേ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ഇടംകയ്യന്‍ ശിവം ദുബെ 30 പന്തില്‍ നിന്നാണ് 54 റണ്‍സടിച്ചത്. ഹോള്‍ഡറേയും പൊള്ളാര്‍ഡിനേയും തകര്‍ത്തടിച്ച് മുന്നേറിയ ശിവം ദുബെക്ക് കാലിടറിയത് സ്പിന്നര്‍ വാല്‍ഷിന് മുന്നിലായിരുന്നു. 10.3 ഓവറില്‍ ശിവം ദുബെ പുറത്താകുമ്പോള്‍ ഇന്ത്യ 97/3 എന്ന നിലയിലായിരുന്നു.

ആദ്യ പകുതിയില്‍ ഇന്ത്യന്‍സ്‌കോര്‍ 200 കടക്കുമെന്ന് അപ്പോള്‍ പ്രതീക്ഷിച്ചെങ്കിലും രണ്ടാംപകുതിയില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. 10.6 ഓവറില്‍ 100 റണ്‍സിലെത്തിയ ഇന്ത്യ പിന്നീടുള്ള ഒമ്പത് ഓവറുകളില്‍ നേടിയത് ഏഴുപത് റണ്‍ മാത്രമായിരുന്നു. സ്പിന്നര്‍മാും കെസ്‌റിക് വില്യംസുമായിരുന്നു ഇന്ത്യന്‍ സ്‌കോറിംങിന്റെ വേഗം കുറച്ചത്.

കെസ്‌റിക് വില്യംസിന്റെ ബൗളിംങിലെ വേഗത്തിലെ ഏറ്റക്കുറച്ചിലുകളാണ് ക്യാപ്റ്റന്‍ കോഹ്‌ലിയെ(33) പുറത്താക്കിയത്. കോഹ്‌ലി പുറത്തായപ്പോള്‍ നിശബ്ദരായ കാര്യവട്ടത്തെ കാണികളെ ഒരിക്കല്‍ കൂടി ചുണ്ടില്‍ വിരല്‍ വെച്ച് കെസ്‌റിക് നിശബ്ദരാക്കി. രവീന്ദ്ര ജഡേജയുടെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു കെസ്‌റിക് രണ്ടാം വിക്കറ്റ് നേടിയത്. ഋഷഭ് പന്ത് 33 റണ്‍സുമായി പുറത്താകാതെ നിന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.

തുടക്കം കത്തിക്കയറിയിട്ടും കാര്യമായ ബാറ്റിംങ് വിസ്‌ഫോടനങ്ങളില്ലാതെയാണ് ഇന്ത്യയുടെ ഇന്നിംങ്‌സ് അവസാനിച്ചത്. കെസ്‌റിക് വില്യംസും ഹെയ്ഡന്‍ വാല്‍ഷും വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.