ചെസില്‍ വീണ്ടും അത്ഭുതമായി ഇന്ത്യയുടെ കുഞ്ഞു പ്രഗ്യാനന്ദ
എലോ റേറ്റിംങില്‍ 2600 പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോകത്തെ രണ്ടാമത്തെ താരവുമാണ് പ്രഗ്യാനന്ദ...

14 വയസും മൂന്ന് മാസവും 26 ദിവസവുമേ ഇന്ത്യക്കാരനായ ആര്. പ്രഗ്യാനന്ദക്ക് പ്രായമുള്ളൂ. ഇതിനിടക്ക് തന്നെ ചെസിലെ പല റെക്കോഡുകളും സ്വന്തമാക്കാന്‍ ഇന്ത്യയുടെ ഈ കുഞ്ഞു വലിയ ഗ്രാന്റ്മാസ്റ്റര്‍ക്ക് സാധിച്ചു. എലോ റേറ്റിംങില്‍ 2600 പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ലോകത്തെ രണ്ടാമത്തെ താരവുമാകാന്‍ ഈ തമിഴ്നാട്ടുകാരന് കഴിഞ്ഞു.
ലണ്ടന്‍ ചെസ് ക്ലാസിക് ടൂര്‍ണ്ണമെന്റിനിടെയാണ് പ്രഗ്യാനന്ദയുടെ നേട്ടം. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 2600 റേറ്റിംങ് നേടുന്ന ചെസ് താരമെന്ന റെക്കോഡ് അമേരിക്കയുടെ ജോണ്‍ ബുര്ക്കിനാണ്. 2015 സെപ്തംബറില്‍ 2601 പോയിന്റിലെത്തുമ്പോള്‍ 14 വയസും രണ്ട് മാസവുമായിരുന്നു ബുര്‍ക്കിന്റെ പ്രായം.
അണ്ടര്‍ 18 ലോക ചെസ് ചാമ്പ്യനായ പ്രഗ്യാനന്ദ ലണ്ടന്‍ ചെസ് ക്ലാസിക് ചാമ്പ്യന്‍ഷിപ്പില്‍ ഓപണ്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഏഴാം റൗണ്ടില്‍ ഗ്രാന്റ് മാസ്റ്റര്‍ ജൂള്‍സ് മൊസാര്ദിനെതിരായ മത്സരം വിജയിച്ചപ്പോഴാണ് പ്രഗ്യാനന്ദ 2602 എലോ പോയിന്റുകളിലെത്തിയത്. ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 6.5 പോയിന്റുമായി ടൂര്‍ണ്ണമെന്റില്‍ മുന്നിലാണ് പ്രഗ്യാനന്ദ. ഇന്ത്യയുടെ തന്നെ അരവിന്ദ് ചിദംബരമാണ്(6 പോയിന്റ്) രണ്ടാമത്.
2016 ജൂണില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്ററെന്ന റെക്കോഡ് നേട്ടവും പ്രഗ്യാനന്ദ സ്വന്തമാക്കിയിരുന്നു. അന്ന് 12 വയസും 10 മാസവുമായിരുന്നു പ്രഗ്യാനന്ദയുടെ പ്രായം. സെര്‍ജി കര്യാകിനാണ്(12 വയസും ഏഴ് മാസവും) പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്ററിന്റെ റെക്കോഡുള്ളത്.