ഉത്തേജക അട്ടിമറി, റഷ്യയെ ഒളിംപിക്സില്‍ വിലക്കാന്‍ നീക്കം
വാഡ അന്വേഷക സംഘത്തിന് തെറ്റായ ഉത്തേജക മരുന്ന് ഫലങ്ങള്‍ റഷ്യ നല്‍കിയിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റഷ്യക്കെതിരെ നടപടി ഉറപ്പായത്...

ഒളിംപിക്സ് അടക്കമുള്ള എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് റഷ്യയെ വിലക്കണമെന്ന് വാഡയില്‍ നിര്‍ദേശം. അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ സമിതി(WADA) അന്വേഷക സംഘത്തിന് തെറ്റായ ഉത്തേജക മരുന്ന് ഫലങ്ങള്‍ റഷ്യ നല്‍കിയിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റഷ്യക്കെതിരെ കടുത്ത നടപടിയിലേക്ക് വാഡ നീങ്ങുന്നത്.
വാഡയുടെ പരാതി പരിഹാര സമിതിയാണ് റഷ്യക്കെതിരെ നാല് വര്‍ഷത്തേക്ക് വിലക്കിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് പാരീസില്‍ ചേരുന്ന വാഡയുടെ ഉന്നത സമിതി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഉന്നതസമിതി ശുപാര്‍ശ അംഗീകരിച്ചാല്‍ റഷ്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കാനാവില്ല. വാഡ എക്സിക്യൂട്ടീവ് കമ്മറ്റി നടപടി അംഗീകരിച്ചാല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്കാന് റഷ്യക്ക് സാധിക്കും.

ഫിഫ ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഖത്തര്‍ ലോകകപ്പിലും റഷ്യയുടെ പങ്കാളിത്തം ചോദ്യം ചെയ്യപ്പെടും. അടുത്ത വര്‍ഷം നടക്കുന്ന യൂറോകപ്പില്‍ റഷ്യയിലും മത്സര വേദിയുണ്ട്. വാഡയുടെ തീരുമാനം ഇത് എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. യൂറോ കപ്പിനെ പ്രാദേശിക ടൂര്‍ണ്ണമെന്റായി കരുതി ഒഴിവാക്കാനും സാധ്യതയുണ്ട്.
വാഡക്ക് ജനുവരിയില്‍ റഷ്യ ഉത്തേജക പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വാഡ പ്രത്യേക സംഘം മോസ്കോയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ യഥാര്‍ഥ പരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചതോടെയാണ് തട്ടിപ് പുറത്തായത്. നേരത്തെ റഷ്യന്‍ സര്‍ക്കാര്‍ വിഭാഗങ്ങള്‍ തന്നെ ഉത്തേജക മരുന്ന് കായിക താരങ്ങളെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് റഷ്യന്‍ ആന്റി ഡോപിംങ് ഏജന്‍സിയെ മൂന്ന് വര്‍ഷത്തേക്ക് വാഡ സസ്പെന്‍ഡ് ചെയ്തത്.
റഷ്യയെ കായിക മത്സരങ്ങളില്‍ നിന്നും വിലക്കുക എന്നത് വാഡ പ്രത്യേക അന്വേഷണ സംഘം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഒന്ന് മാത്രമാണ്. കായിക മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുകയോ പ്രധാന കായിക മത്സരങ്ങളില്‍ റഷ്യന്‍ പതാക ഉയര്‍ത്തുകയോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇത്തരം നിര്‍ദേശങ്ങളെല്ലാം വാഡ ഉന്നതാധികാര സമിതി അംഗീകരിച്ചാല്‍ യൂറോ കപ്പില്‍ റഷ്യ ആതിഥ്യം വഹിക്കാനുള്ള സാധ്യത കുറയും. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ യൂറോ കപ്പിലെ മൂന്ന് ഗ്രൂപ് മത്സരങ്ങളും ഒരു ക്വാര്‍ട്ടര്‍ ഫൈനലുമാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം റഷ്യന്‍ അത്ലറ്റുകള്‍ക്ക് വ്യക്തിപരമായി ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകും. അങ്ങനെ ചെയ്യണമെങ്കില്‍ ഓരോ വ്യക്തികളും വെവ്വേറെ ഉത്തേജക പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യും. ഒളിംപിക്സ് പതാകക്ക് കീഴിലായിരിക്കും അങ്ങനെ സംഭവിച്ചാല്‍ ഈ കായികതാരങ്ങള്‍ അണി നിരക്കുക.