LiveTV

Live

Sports

രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധത അതുല്യം; വാനോളം പുകഴ്ത്തി കോച്ചും ഛേത്രിയും

അനസിനെപ്പോലുള്ള കളിക്കാർ ടീമിലുണ്ടെന്ന കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് ഊർജം പകർന്നിട്ടുണ്ട്. - സ്റ്റിമാച്ച്

രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധത അതുല്യം; വാനോളം പുകഴ്ത്തി കോച്ചും ഛേത്രിയും

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടാനിരിക്കെ ദേശീയ ടീം ക്യാമ്പിൽ തിരിച്ചെത്തിയ മലയാളി താരം അനസ് എടത്തൊടികയെ വാനോളം പ്രശംസിച്ച് കോച്ച് ഇഗോർ സ്റ്റിമാച്ചും ക്യാപ്ടൻ സുനിൽ ഛേത്രിയും. അനസിന്റെ തിരിച്ചുവരവ് ടീമിന് പുത്തനുണർവ് സമ്മാനിക്കുമെന്ന് പറഞ്ഞ സ്റ്റിമാച്ച്, ഉമ്മ മരിച്ചതിന്റെ വേദന മാറുംമുമ്പേ ക്യാമ്പിൽ തിരിച്ചെത്തിയത് രാജ്യത്തോടുള്ള അനസിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും വ്യക്തമാക്കി.

മസ്‌കത്തിൽ മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോച്ച്.

ലോകകപ്പ് യോഗ്യത, ഇന്ത്യക്ക് ഇന്ന് കടുകട്ടി ഒമാന്‍ പരീക്ഷ
Also Read

ലോകകപ്പ് യോഗ്യത, ഇന്ത്യക്ക് ഇന്ന് കടുകട്ടി ഒമാന്‍ പരീക്ഷ

'പരിക്കോ മറ്റ് പ്രശ്‌നങ്ങളോ കാരണം നമുക്ക് ഇടക്കിടെ കളിക്കാരെ നഷ്ടമാകുന്നുണ്ട്. മാതാവിന്റെ മരണത്തെ തുടർന്ന് അഫ്ഗാനെതിരായ മത്സരത്തിനു മുമ്പ് അനസിന് ക്യാമ്പ് വിടേണ്ടിവന്നു. എങ്കിലും അദ്ദേഹം രാജ്യത്തെ സേവിക്കാൻ മടങ്ങിയെത്തിയിരിക്കുന്നു. അനസിനെപ്പോലുള്ള കളിക്കാർ ടീമിലുണ്ടെന്ന കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് ഊർജം പകർന്നിട്ടുണ്ട്.'
ഇഗോര്‍ സ്റ്റിമാച്ച്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച്

സ്റ്റിമാച്ചിനൊപ്പം സംസാരിച്ച ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും അനസിനെ പ്രശംസിച്ചു. 'അനസ് നേരിട്ട നഷ്ടത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അദ്ദേഹത്തിനും കുടുംബത്തിനും ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. എന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിനൊപ്പമുണ്ട്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതക്ക് തുല്യമായി മറ്റൊന്നുമില്ല. കൈമെയ് മറന്ന് പൊരുതാൻ അത് ഞങ്ങൾക്ക് പ്രേരണ നൽകുന്നു.' സന്ധു പറഞ്ഞു.

പ്രീമാച്ച് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെയും ഒമാന്റെയും കോച്ചുമാര്‍ ഹസ്തദാനം നടത്തുന്നു
പ്രീമാച്ച് വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെയും ഒമാന്റെയും കോച്ചുമാര്‍ ഹസ്തദാനം നടത്തുന്നു

ഇന്ത്യൻ ടീമിനൊപ്പം സമയം ചെലവഴിക്കുമ്പോൾ വ്യക്തിപരമായ വേദന മറക്കാൻ അനസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്ടൻ സുനിൽ ഛേത്രി പറഞ്ഞു:

'പരിചയസമ്പന്നനായ നമ്മുടെ അനസ് ഭായിയുടെ മടങ്ങിവരവ് അദ്ദേഹത്തിന്റെ കരുത്താണ് കാണിക്കുന്നത്. അദ്ദേഹം എത്രമാത്രം ദുഃഖിതനായിരിക്കുമെന്നും മനോവേദന എത്രയുണ്ടാകുമെന്നും എനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ. ടീമിനൊപ്പം കഴിയുന്നതും ഫുട്‌ബോൾ കളിക്കുന്നതും ആ വേദന മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'
സുനിൽ ഛേത്രി.
സുനില്‍ ഛേത്രി പരിശീലനത്തിനിടെ
സുനില്‍ ഛേത്രി പരിശീലനത്തിനിടെ

ഒമാന്റെ ദേശീയദിനത്തിൽ എതിർടീമംഗങ്ങൾക്ക് ആശംസ നേർന്ന ഇന്ത്യൻ കോച്ച് സ്റ്റിമാച്ച് ഇന്ന് ജയിക്കാൻ വേണ്ടിയാവും ടീം കളിക്കുകയെന്ന് വ്യക്തമാക്കി. 'ഞങ്ങളുടെ കഴിവ് പരമാവധി പുറത്തെടുത്ത് കടുത്ത മത്സരമുയർത്തുകയാണ് ലക്ഷ്യം. ഒമാൻ കരുത്തരായ എതിരാളികളാണ്. സമീപകാലത്ത് ഞങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് റിസൾട്ട് ലഭിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനം.' - സ്റ്റിമാച്ച് പറഞ്ഞു.