LiveTV

Live

Sports

കൗമാരത്തിന്റെ കാനറിച്ചിറകടി; അണ്ടർ 17 ലോകകപ്പ് ബ്രസീൽ ജേതാക്കൾ

2003-നു ശേഷം ആദ്യമായി അണ്ടർ 17 കിരീടം നേടിയ ബ്രസീൽ ഈ ഗണത്തിൽ ഏറ്റവുമധികം കിരീടമെന്ന നേട്ടത്തിൽ നൈജീരിയയുടെ തൊട്ടടുത്തെത്തി.

കൗമാരത്തിന്റെ കാനറിച്ചിറകടി; അണ്ടർ 17 ലോകകപ്പ് ബ്രസീൽ ജേതാക്കൾ

അവസാന മിനുട്ടുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ബ്രസീൽ അണ്ടർ 17 ലോകകപ്പ് ജേതാക്കൾ. മെക്‌സിക്കോക്കെതിരായ ഫൈനലിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം 84-ാം മിനുട്ടിലും ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് കാനറികൾ കപ്പുയർത്തിയത്. നെതർലന്റ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസ് മൂന്നാം സ്ഥാനക്കാരായി.

സ്വന്തം നാട്ടുകാരുടെ മുന്നിൽ ബ്രസീൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. 66-ാം മിനുട്ടിൽ ബ്രയാൻ ഗോൺസാലസിലൂടെ മെക്‌സിക്കോ ലക്ഷ്യം കണ്ടു. ഇടതുഭാഗത്തുനിന്ന് പിസ്സുത്തോ നൽകിയ ക്രോസിൽ ഹെഡ്ഡറുതിർത്തായിരുന്നു 11-ാം നമ്പർ താരത്തിന്റെ ഗോൾ.

കലാശപ്പോരിൽ ആതിഥേയരുടെ കണ്ണീർ വീഴുമെന്ന ഘട്ടത്തിൽ 84-ാം മിനുട്ടിൽ വാർ ബ്രസീലിന്റെ രക്ഷക്കെത്തി. റഫറി സ്‌പോട്ടിലേക്ക് വിരൽചൂണ്ടിയപ്പോൾ കായോ ജോർജിന് പിഴച്ചില്ല. 93-ാം മിനുട്ടിൽ തകർപ്പൻ ഷോട്ടിലൂടെ ലസാറോ വിജയഗോൾ നേടുകയും ചെയ്തു.

2003-നു ശേഷം ആദ്യമായി അണ്ടർ 17 കിരീടം നേടിയ ബ്രസീൽ ഈ ഗണത്തിൽ ഏറ്റവുമധികം കിരീടമെന്ന നേട്ടത്തിൽ നൈജീരിയയുടെ തൊട്ടടുത്തെത്തി.