LiveTV

Live

Sports

90 മിനുട്ട്, പത്ത് ഗോൾ... ഒടുക്കം ലിവർപൂൾ ആർസനലിനെ കീഴടക്കിയത് ഷൂട്ടൗട്ടിൽ

ദിവോക് ഓറിഗി ലിവര്‍പൂളിനും മാര്‍ട്ടിനെലി ഗണ്ണേഴ്സിനും വേണ്ടി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓസിലിനെ പിന്‍വലിച്ച എമ്രിയുടെ നീക്കം മത്സരത്തില്‍ നിര്‍ണായകമായി.

90 മിനുട്ട്, പത്ത് ഗോൾ... ഒടുക്കം ലിവർപൂൾ ആർസനലിനെ കീഴടക്കിയത് ഷൂട്ടൗട്ടിൽ

പത്ത് ഗോൾ പിറന്ന 'ഭ്രാന്തൻ' മത്സരത്തിൽ ആർസനലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ലിവർപൂൾ ഇംഗ്ലീഷ് ലീഗ് കപ്പ് സെമിഫൈനലിൽ. ആദ്യാന്തം ആക്ഷൻ നിമിഷങ്ങൾ നിറഞ്ഞുനിന്ന മത്സരത്തിൽ 3-1 നും പിന്നീട് 4-2 നും 5-4 നും മുന്നിൽനിന്ന ശേഷമാണ് ആർസനൽ ആൻഫീൽഡിൽ അടിയറവ് പറഞ്ഞത്. ഷൂട്ടൗട്ടിൽ ഡാനി സെബയോസിന്റെ കിക്ക് തടുത്ത് ലിവർപൂൾ കീപ്പർ കയോമിൻ കെല്ലഹർ ചെമ്പടക്ക് വിജയമൊരുക്കുകയായിരുന്നു.

പ്രധാന താരങ്ങളെ മുഴുവൻ കളത്തിലിറക്കാതെ യുവതാരങ്ങൾക്കു കൂടി അവസരം നൽകി ഇരുടീമുകളും മത്സരം തുടങ്ങിയപ്പോൾ ആറാം മിനുട്ടിൽ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. ലിവർപൂൾ ആക്രമണം തടയാനുള്ള ശ്രമത്തിൽ ആർസനൽ ഡിഫന്റർ ഷ്‌കൊർദാൻ മുസ്തഫിയുടെ കാലിൽതട്ടി പന്ത് സ്വന്തം വലയിൽ കയറിയതോടെ ആൻഫീൽഡിൽ ആദ്യവെടി പൊട്ടി. (1-0)

എന്നാൽ 19-ാം മിനുട്ടിൽ 18 വയസ്സുകാരൻ ബകായോ സാകയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ റൗബൗണ്ടിൽ ലക്ഷ്യം കണ്ട് ലൂക്കാസ് ടൊറീറ സന്ദർശകരെ ഒപ്പമെത്തിച്ചു. (1-1)

26-ാം മിനുട്ടിൽ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ക്ലോസ്‌റേഞ്ചിൽ നിന്ന് പന്ത് വലയിൽ അടിച്ചുകയറ്റി ഗബ്രിയേൽ മാർട്ടിനെലി ആര്‍സനലിന് സർപ്രൈസ് ലീഡ് നൽകി (1-2). 36-ാം മിനുട്ടിൽ ബകായോ സാകയുടെ പിൻപോയിന്റ് ക്രോസ് അനായാസം ലക്ഷ്യത്തിലെത്തിച്ച് മാർട്ടിനെലി തന്നെ ടീമിന്റെ ലീഡ് വർധിപ്പിക്കുകയും ചെയ്തു (1-3).

43-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ജെയിംസ് മിൽനർ ലക്ഷ്യത്തിലെത്തിച്ചതോടെ ഇടവേളയിൽ 2-3 നാണ് ടീമുകൾ കയറിയത്.

രണ്ടാംപകുതിയിൽ ആർസനൽ ലീഡുയർത്തുന്നതാണ് കണ്ടത്. ജെയിംസ് മില്‍നര്‍ പിന്നിലേക്ക് നൽകിയ പന്ത് ഗോൾകീപ്പര്‍ക്കു കിട്ടുംമുമ്പേ റാഞ്ചിയെടുത്ത ആഷ്‌ലി മെയ്റ്റ്‌ലാന്റ് നീൽസ്, മസൂദ് ഓസിലിന്റെ അസിസ്റ്റില്‍ പന്ത് മനോഹരമായി വലയിലെത്തിച്ചു. (2-4).

നാല് മിനുട്ടിനുള്ളിൽ മുൻ ആർസനൽ താരം അലക്‌സ് ഓക്‌സ്ലേഡ് ചേംബർലിന്റെ ഗോളിൽ ലിവർപൂൾ ഒരുഗോൾ കൂടി മടക്കി. ബോക്‌സിനു പുറത്ത് ആദം ലല്ലാനയുടെ പാസ് സ്വീകരിച്ച് ചേംബർലിൻ തൊടുത്ത ലോംഗ് റേഞ്ചർ ഗോൾകീപ്പർ ഡാമിയൻ മാർട്ടിനസിന് പിടിനൽകാതെ വലകുലുക്കി. (3-4)

നാലു മിനുട്ടിനുള്ളിൽ ലിവർപൂളിനായി ദിവോക് ഓറിഗി കൂടി ലക്ഷ്യം കണ്ടതോടെ സ്‌കോർനില 4-4 ആയി. ക്രിസ് ജോൺസിന്റെ പാസ് ബോക്‌സിനുള്ളിൽ സ്വീകരിച്ച് വെട്ടിത്തിരിഞ്ഞ് ഓറിഗി തൊടുത്ത ഷോട്ട് വലകുലുക്കി (4-4).

ഗണ്ണേഴ്സ് പക്ഷേ, വിടാന്‍ ഭാവമുണ്ടായിരുന്നില്ല. മത്സരത്തിലെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഗോളിലൂടെ ജോസഫ് വില്ലോക്ക് ആണ് ഇത്തവണ അവരെ മുന്നിലെത്തിച്ചത്. ബോക്സിനു പുറത്ത് സമയമെടുത്ത് പന്ത് നിയന്ത്രിച്ച ഇംഗ്ലീഷ് താരം തൊടുത്ത ഷോട്ട് പ്രതിരോധക്കാര്‍ നോക്കിനില്‍ക്കെ ചാട്ടുളിപോലെ വലയിലേക്ക് തുളച്ചുകയറി. (5-4)

നാടകം പക്ഷേ, അവിടെയും തീർന്നില്ല. ആർസനൽ ജയിക്കുമെന്ന് തോന്നിച്ച മത്സരം കീഴ്‌മേൽ മറിഞ്ഞത് ഇഞ്ച്വറി ടൈമിലാണ്.

നെക്കോ ഷായ് വില്യംസിന്റെ ക്രോസ് വായുവിൽ വെച്ചുതന്നെ കാലിൽ കണക്ട് ചെയ്ത ഓറിഗിയുടെ അക്രോബാറ്റിക് സ്‌കിൽ കളിയുടെ ജീവൻ നീട്ടി. (5-5).

ഷൂട്ടൗട്ടിൽ ബെല്ലറിൻ, ഗെന്ദൂസി, മാർട്ടിനെല്ലി, മെയ്റ്റ്‌ലാന്റ് നീൽസ് എന്നിവർ ആർസനലിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ സെബയോസിന് പിഴച്ചു. അതേസമയം, ലിവർപൂൾ നിരയിൽ കിക്കെടുത്ത എല്ലാവരും പിഴക്കാതെ ലക്ഷ്യം കാണുകയും ചെയ്തു.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വെറ്ററന്‍ താരം മസൂദ് ഓസിലിനെ പിന്‍വലിച്ച കോച്ച് ഉനയ് എമ്രിയുടെ തീരുമാനത്തില്‍ ആര്‍സനല്‍ ആരാധകര്‍ വന്‍പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.