LiveTV

Live

Sports

ലോക ബീച്ച് ഗെയിംസിന് ദോഹയില്‍ ആവേശകരമായ തുടക്കം

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് പിന്നാലെ കായിക ലോകം വീണ്ടും ദോഹയിലേക്ക് ശ്രദ്ധതിരിക്കുന്നു.

ലോക ബീച്ച് ഗെയിംസിന്  ദോഹയില്‍ ആവേശകരമായ തുടക്കം

ലോക ബീച്ച് ഗെയിംസിന് ദോഹയില്‍ ആവേശകരമായ തുടക്കം. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തി ഇരുന്നൂറിലധികം അത്‍ലറ്റുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നുണ്ട്. വരുന്ന പതിനാറിന് ചാംപ്യന്‍ഷിപ്പ് അവസാനിക്കും.

97 രാജ്യങ്ങളില്‍ നിന്നായി 1200 ലധികം കായിക താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. ബീച്ച് ഫുട്ബോള്‍, ബീച്ച് വോളിബോള്‍, ബീച്ച് റസ്ലിങ്, ബീച്ച് ടെന്നിസ്, ബീച്ച് ഹാന്‍ഡ്ബോള്‍, റോക്ക് ക്ലൈംബിങ്, തുടങ്ങി പതിമൂന്ന് കായിക ഇനങ്ങളിലാണ് മത്സരം. പുരുഷ വനിതാ വിഭാഗങ്ങളില്‍ വെവ്വേറെയായാണ് മത്സരം.

ദോഹ കതാറ ബീച്ചിലാണ് കൂടുതല്‍ മത്സരങ്ങളും നടക്കുന്നത്. ആസ്പയര്‍ സോണ്‍, ഗറാഫ സ്റ്റേഡിയം എന്നിവയിലും വിവിധ മത്സരങ്ങള്‍ നടക്കും. കായിക ലോകം ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ചാംപ്യന്‍ഷിപ്പിനായി ലോകോത്തര നിലവാരത്തിലുള്ള സൌകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

350 മെഡലുകളാണ് വിജയികള്‍ക്കായി കാത്തിരിക്കുന്നത്. ഹാന്‍ഡ്ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനങ്ങളില്‍ ആതിഥേയരായ ഖത്തര്‍ കിരീട പ്രതീക്ഷ കാക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നും ഒമാന്‍ കുവൈത്ത് യു.എ.ഇ തുടങ്ങി രാജ്യങ്ങളും വിവിധ ഇനങ്ങളില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് ചാംപ്യന്‍ഷിപ്പില്‍ പ്രാതിനിധ്യമില്ല. ലോകത്തെ വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ ഉള്‍ക്കൊള്ളുന്ന അനോക് സംഘടിപ്പിക്കുന്ന ലോക ബീച്ച് ഗെയിംസ് ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത്.