LiveTV

Live

Sports

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി അമിതിന് വെള്ളി  

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇതുവരെ വെങ്കല നേട്ടം മാത്രമാണ് ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി അമിതിന് വെള്ളി  

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി. ഫൈനലില്‍ ഉസ്‌ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോടാണ് അമിത് തോറ്റത്. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് അമിതിന് സ്വന്തമായി. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറോവിനോട് 05നാണ് അമിത് പരാജയപ്പെട്ടത്. റഷ്യയിലെ യെക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം. നേരത്ത വനിതാ വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല.

കടുത്ത പോരാട്ടം നടന്ന സെമി ഫൈനലിനൊടുവില്‍ കസാഖ്‌സ്താന്റെ സാകെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് (32) ഈ ഹരിയാണക്കാരന്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അതിനൊപ്പം ഒളിമ്പിക്‌സ് ബര്‍ത്തും അമിത് സ്വന്തമാക്കിയിരുന്നു. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇതുവരെ വെങ്കല നേട്ടം മാത്രമാണ് ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. നേരത്തെ വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017), മനീഷ് കൗശിക് (2019) എന്നിവരാണ് വെങ്കലം നേടിയത്.

2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയതോടെയാണ് അമിത് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് 2018ലെ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പംഗല്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2018ല്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.