LiveTV

Live

Sports

'പോടാ ചെക്കാ...' ഈ വൈറല്‍ വീഡിയോയുടെ ആരാധികയായി ജിംനാസ്റ്റിക് ഇതിഹാസം നാദിയ കോമനേച്ചിയും

ഈ കൊച്ചു കുട്ടികളുടെ കഴിവ് ജിംനാസ്റ്റിക് ഇതിഹാസം തന്നെ ഏറ്റെടുത്തതോടെ സംഗതി കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിലുമെത്തി

'പോടാ ചെക്കാ...' ഈ വൈറല്‍ വീഡിയോയുടെ ആരാധികയായി ജിംനാസ്റ്റിക് ഇതിഹാസം നാദിയ കോമനേച്ചിയും

വളരെ ശ്രമകരമായ ജിംനാസ്റ്റിക് മൂവുകള്‍ രണ്ട് സ്കൂള്‍ കുട്ടികള്‍ അനായാസമായി ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ചര്‍ച്ച ചെയതിരുന്നു. ബാക്ക് വേര്‍ഡ് സോമര്‍സോള്‍ട്ടും കാര്‍ട്‍വീലും വളരെ അനായാസം ചെയ്ത് തരംഗമായ വിദ്യാര്‍ഥികള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണെന്നും നാഗാലാന്‍റില്‍ നിന്നവരാണെന്നുമെല്ലാം പറയപ്പെടുന്നു. ഒരു ആണ്‍കുട്ടി ബാക്ക് വേര്‍ഡ് ഡൈവ് ചെയ്തതിനെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടി അതില്‍ കൂടുതല്‍ മെയ് വഴക്കത്തോടെ ചെയ്യുന്ന വീഡിയോ പോടാ ചെക്കാ.. എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ അഞ്ച് ലക്ഷത്തോളം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം ആ കൊച്ചു വീഡിയോയെ റൊമാനിയയില്‍ നിന്നുള്ള ഇതിഹാസ ജിംനാസ്റ്റിക്ക് താരം നാദിയ കോമനാച്ചിയിലേക്ക് വരെ എത്തിച്ചു. എം.വി റാവു എന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നാദിയയുടെ ഒരു പോസ്റ്റിന് താഴെ കമന്‍റായി ഈ വീഡിയോ ഷെയര്‍ ചെയ്യുകയും അത് കണ്ട താരം വീഡിയോ റിട്വീറ്റ് ചെയ്യുകയുമാണ് ചെയ്തത്. 57കാരിയായ നാദിയ ജിംനാസ്റ്റിക്സില്‍ അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ഒളിമ്പിക്സിന്‍റെ ജിംനാസ്റ്റിക് വേദിയില്‍ പത്തില്‍ പത്ത് പോയിന്‍റും ലഭിച്ച ഏക താരമാണ് നാദിയ കോമനാച്ചി.

ഇത് ഗംഭീരമാണ് (this is awesome) എന്ന തലക്കെട്ടോടെയാണ് ഈ കൊച്ചു കുട്ടികളുടെ മികവിനെ നാദിയ റീട്വീറ്റ് ചെയ്തത്. അതിന് ശേഷം ഈ പ്രതിഭകളെ മുഖ്യധാരയിലേക്കെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കായക മന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തും ഒരുപാട് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അവസാനം കേന്ദ്ര മന്ത്രിയും ഇതിന് മറുപടിയുമായെത്തി. മികച്ച കഴിവുള്ള കുട്ടികളാണ് ഇവരെന്നും ഇവരെ കണ്ടെത്തി തന്‍റെ മുന്നിലേക്ക് എത്തിക്കുമെങ്കില്‍ അവരുടെ കഴിവിനെ വികസിപ്പിക്കാന്‍ അവരെ ജിംനാസ്റ്റിക് അക്കാദമിയിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ ചെയ്യുമെന്നും റിജിജു പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയും മധ്യപ്രദേശില്‍ നിന്നുമുള്ള രാമേശ്വര്‍ ഗുര്‍ജാര്‍ എന്ന കുട്ടി 11 സെക്കന്‍റ് കൊണ്ട് 100 മീറ്റര്‍ ഓടിയത് സോഷ്യല്‍ മീഡിയയിലൂടെ വെറലായിരുന്നു. ശേഷം സ്പോര്‍ട്സ് അക്കാദമിയിലേക്ക് ട്രയലിനായി പോയെങ്കിലും അതില്‍ വിജയിക്കാന്‍ രാമേശ്വറിനായില്ല.