LiveTV

Live

Sports

പുതുചരിത്രം, ബൈക്ക് റേസിംങില്‍ ലോക ചാമ്പ്യനായി ഇന്ത്യക്കാരി

അഞ്ച് തവണ ദേശീയ ചാമ്പ്യനായിട്ടുള്ള ഐശ്വര്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം കഴിഞ്ഞ വര്‍ഷംതന്നെ സ്വന്തമാക്കിയിരുന്നു

പുതുചരിത്രം, ബൈക്ക് റേസിംങില്‍ ലോക ചാമ്പ്യനായി ഇന്ത്യക്കാരി

മോട്ടോര്‍ സ്പോര്‍ട്സില്‍ ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കി ഐശ്വര്യ പിസെ. FIM ലോക ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തിലാണ് ഐശ്വര്യ പിസെയുടെ കിരീടനേട്ടം. ഹംഗറിയിലെ അവസാന റേസില്‍ നാലാം സ്ഥാനത്തെത്തിയാണ് 23കാരിയായ ഐശ്വര്യ വിജയിയായത്.

ദുബൈയില്‍ നടന്ന ആദ്യ റേസില്‍ ഒന്നാമതെത്തിയ ഐശ്വര്യ പോര്‍ച്ചുഗലില്‍ മൂന്നാമതും സ്പെയ്നില്‍ അഞ്ചാമതും ഹംഗറിയില്‍ നാലാമതുമെത്തി. ഇതോടെ, ആകെ 65 പോയിന്റുകള്‍ നേടിയ ഇന്ത്യന്‍ താരം കിരീടം സ്വന്തമാക്കുകയായിരുന്നു. പോര്‍ച്ചുഗലിന്റെ റീത്ത വിയേര(61)യാണ് രണ്ടാമതെത്തിയത്. ഹംഗറിയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഐശ്വര്യക്ക് 52 പോയിന്റും വിയേരക്ക് 45 പോയിന്റുമായിരുന്നു. ഹംഗറിയില്‍ നാലാമതെത്തിയ ഐശ്വര്യക്ക് 13ഉം മൂന്നാമതെത്തിയ വിയേരക്ക് 16 പോയിന്റുകളാണ് ലഭിച്ചത്.

അഞ്ച് തവണ ദേശീയ ചാമ്പ്യനായിട്ടുള്ള ഐശ്വര്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം കഴിഞ്ഞ വര്‍ഷംതന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ റേസിന്റെ അവസാന ദിവസം പരിക്കേറ്റ് പിന്മാറേണ്ടി വന്നത് തിരിച്ചടിയായി. ഇക്കാര്യം ലോകചാമ്പ്യനായ വേളയില്‍ ഐശ്യര്യ ഓര്‍ക്കുകയും ചെയ്തു.

'സന്തോഷത്തില്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലാണ്. ആദ്യ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിനില്‍ വെച്ച് പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. അന്നത്തെ പരിക്ക് റൈസിംങ് കരിയര്‍ തന്നെ അവസാനിപ്പിക്കുമോ എന്ന് ആശങ്കപ്പെടുത്തിയതാണ്. ആറ് മാസത്തിന് ശേഷമാണ് ട്രാക്കില്‍ തിരിച്ചെത്താനായത്. വെല്ലുവിളികളെല്ലാം മറികടന്ന് ലോകചാമ്പ്യനായതില്‍ വലിയ സന്തോഷം' ലോക ചാമ്പ്യനായ ശേഷം ഐശ്യര്യ മാധ്യമങ്ങളോട് പറഞ്ഞു.