LiveTV

Live

Sports

ഏഷ്യന്‍ ഗെയിംസില്‍ ചെസിന്റെ മടങ്ങിവരവില്‍ സന്തോഷം പ്രകടിപ്പിച്ച് വിശ്വനാഥന്‍ ആനന്ദ്

നേരത്തെ 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലും 2010ലെ ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസിലും ചെസ് മത്സരയിനമായിരുന്നു

ഏഷ്യന്‍ ഗെയിംസില്‍ ചെസിന്റെ മടങ്ങിവരവില്‍ സന്തോഷം പ്രകടിപ്പിച്ച് വിശ്വനാഥന്‍ ആനന്ദ്

ഏഷ്യന്‍ ഗെയിംസില്‍ ചെസ് മത്സരയിനമായി മടങ്ങിയെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയുടെ വിഖ്യാത ചെസ് താരം വിശ്വനാഥന്‍ ആനന്ദ് അടക്കമുള്ള കളിക്കാര്‍ രംഗത്ത്. 2022ല്‍ ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലായിരിക്കും ചെസ് മത്സരയിനമാകുക. ഇന്ത്യയുടെ ആദ്യ ഗ്രാന്റ് മാസ്റ്ററും അഞ്ച് തവണ ലോക ചാമ്പ്യനുമായിട്ടുള്ള വിശ്വനാഥന്‍ ആനന്ദ് ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ചെസില്‍ രാജ്യത്തിന് മെഡല്‍ ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

കൊനേരു ഹംപി
കൊനേരു ഹംപി

നേരത്തെ 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലും 2010ലെ ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസിലും ചെസ് മത്സരയിനമായിരുന്നു. രണ്ട് തവണയും ഇന്ത്യ ചെസില്‍ മെഡല്‍ നേടുകയും ചെയ്തു. ഇതില്‍ ദോഹ ഏഷ്യന്‍ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ഗംഭീര പ്രകടനം. കൊനേരു ഹംപിയുടെ റാപിഡ്, മിക്‌സഡ് ടീം ഇനങ്ങളിലെ സ്വര്‍ണ്ണ പ്രകടനമായിരുന്നു ദോഹയിലെ പ്രധാന സവിശേഷത. 2010 ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ ടീം ടീമിനത്തിലും ഡി ഹരിക റാപിഡ് ഇനത്തിലും വെങ്കലം നേടി.

മെഡല്‍ സാധ്യതയുള്ളതിനാല്‍ തന്നെ ചെസ് മത്സരയിനമാക്കിയത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പ്രതികരിച്ചത്. മുന്‍ ഗെയിംസുകളിലേതുപോലെ വ്യക്തിഗതവും ടീം ഇനവുമായിരിക്കും ഹാങ്ഷു ഏഷ്യന്‍ ഗെയിംസിലുമുണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ പ്രഗ്യാനന്ദ അടക്കമുള്ള ഇന്ത്യന്‍ ചെസിലെ പുതുതലമുറയിലെ പ്രതീക്ഷകളുടെ പരിശീലകനായ ഗ്രാന്റ് മാസ്റ്റര്‍ ആര്‍.ബി രമേഷും ചെസ് ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതിനോട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. 'ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാല്‍ ചെസ് താരങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരവും സര്‍ക്കാരുകളില്‍ നിന്നും കാഷ് അവാര്‍ഡ് അടക്കമുള്ള പ്രോത്സാഹനവും ലഭിക്കാനിടയുണ്ട്. ഏഷ്യന്‍ ഗെയിംസിലെ പ്രകടനം ദ്രോണാചാര്യ, അര്‍ജുന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനും കാരണമാകും' എന്നായിരുന്നു ആര്‍.ബി രമേഷ് പറഞ്ഞത്.