LiveTV

Live

Sports

വയസ് 52, പക്ഷേ മൈക്ക് ടൈസണിന്റെ ‘കയ്യിലിരുപ്പില്‍’ മാറ്റമില്ല

ഇപ്പോള്‍ 52 വയസായെങ്കിലും ടൈസന്റെ വേഗതക്കും കൈക്കരുത്തിനും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്

വയസ് 52, പക്ഷേ മൈക്ക് ടൈസണിന്റെ ‘കയ്യിലിരുപ്പില്‍’ മാറ്റമില്ല

2000ത്തില്‍ എതിരാളിയായിരുന്ന ലോസ് സവാരിസിനെ 38 സെക്കന്റില്‍ ഇടിച്ചുവീഴ്ത്തി മൈക്ക് ടൈസണ്‍ പറഞ്ഞത് താന്‍ അലക്‌സാണ്ടറാണെന്നായിരുന്നു. ലോകം കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെയായിരുന്നു ടൈസണ്‍ സ്വയം താരതമ്യപ്പെടുത്തിയത്. റിംങില്‍ എതിരാളികളെ മിന്നലിടികളിലൂടെ വീഴ്ത്തിയ ടൈസണ്‍ ആയകാലത്ത് ബോക്‌സിംങിലെ ചക്രവര്‍ത്തി തന്നെയായിരുന്നു. ഇപ്പോള്‍ 52 വയസായെങ്കിലും ടൈസന്റെ വേഗതക്കും കൈക്കരുത്തിനും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.

മൈക്ക് ടൈസണ്‍
മൈക്ക് ടൈസണ്‍

ടൈസണില്‍ ഇപ്പോഴും ആ തീയുണ്ടെന്ന പേരില്‍ ആ വീഡിയോ സോഷ്യല്‍മീഡിയയില്‍ പറപറക്കുകയാണ്. തനിക്ക് മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷം എങ്ങനെ പഞ്ച് ചെയ്യണമെന്ന് കാണിക്കുന്ന രീതിയിലുള്ളതാണ് വീഡിയോ. ആകെ ആറ് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ ടൈസന്റെ പഞ്ചുകള്‍ രണ്ട് സെക്കന്റ് പോലും നീളുന്നില്ല. പക്ഷേ, കണ്ടു നില്‍ക്കുന്നവര്‍ക്കെല്ലാം എതിരാളി വീണുപോയെന്ന് തോന്നിപ്പിക്കാനും മാത്രം കരുത്ത് പഞ്ചുകള്‍ക്കുണ്ട്.

അമേരിക്കയിലെ ബ്രൂക്ലിനിലെ കുപ്രസിദ്ധമായ ബ്രൗണ്‍സ്‌വില്ലിലെ തെരുവിലായിരുന്നു ടൈസണ്‍ വളര്‍ന്നത്. രണ്ടാം വയസില്‍ പിതാവ് ഉപേക്ഷിച്ചുപോയശേഷം അമ്മയാണ് ടൈസണെ വളര്‍ത്തിയത്. തെരുവില്‍ കൊണ്ടും കൊടുത്തും വളര്‍ന്ന ടൈസണ്‍ പലകുറ്റങ്ങള്‍ക്കും പൊലീസ് പിടിയിലാവുകയും ചെയ്തു. ടൈസണിലെ ബോക്‌സിംങ് താരത്തെ കണ്ടെത്തിയത് ദുര്‍ഗുണപാഠശാലയിലെ കാവല്‍ക്കാരനായിരുന്ന ബോബി സ്റ്റുവര്‍ട്ട് എന്നയാളായിരുന്നു.

ബോക്‌സിംങ് റിങിലെത്തിയതോടെ ടൈസണ് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കരിയറില്‍ 44 തവണ എതിരാളികളെ ഇടിച്ചുവീഴ്ത്തിയിട്ടുള്ള മൈക്ക് ടൈസണ്‍ ഏറ്റവും പ്രായം കുറഞ്ഞ ഹെവിവൈറ്റ് ചാമ്പ്യനുമായി. ടൈസന്റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യ 19 മത്സരങ്ങളും തോല്‍വിയറിയാത്തതായിരുന്നു. ഇതില്‍ 12 എണ്ണത്തിലും ആദ്യ റൗണ്ടില്‍ തന്നെ എതിരാളികള്‍ കീഴടങ്ങി. ഡബ്ല്യു.ബി.സി, ഡബ്ല്യു.ബി.എ, ഐ.ബി.എഫ് കിരീടങ്ങള്‍ ഒരേസമയം നേടിയ ആദ്യ ബോക്‌സറാണ് ടൈസണ്‍. 80കളുടെ അവസാനപകുതിയില്‍ ടൈസണെ വെല്ലാന്‍ ലോകബോക്‌സിംങില്‍ ആരുമില്ലായിരുന്നു.

1992ല്‍ ഒരു പീഡനക്കേസില്‍ ആറ് വര്‍ഷം തടവിനും ടൈസണ്‍ ശിക്ഷിക്കപ്പെട്ടു. ഈ കേസില്‍ മൂന്നു വര്‍ഷം തടവ് അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയത്. 1996ല്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വീണ്ടും നേടി. 2002ല്‍ ലെനക്‌സ് ലൂയിസിനോട് തോറ്റ ടൈസണ്‍ തൊട്ടടുത്ത വര്‍ഷം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ സംഭവബഹുലമായ ബോക്‌സിംങ് ജീവിതം 2006ല്‍ ടൈസണ്‍ അവസാനിപ്പിച്ചു.