LiveTV

Live

Sports

രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും

കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍.

രണ്ടാം ജയം തേടി കൊമ്പന്‍മാര്‍ ഇന്നിറങ്ങും

ഐ.എസ്.എല്ലില്‍ രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍.കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോട് തോറ്റ ബ്ലാസ്റ്റേഴ്സ് ലീഗില്‍ ഏഴാം സ്ഥാനത്താണ്.

6 മത്സരങ്ങളില്‍ നിന്ന് നാലു സമനിലയും ഒരു ജയവും ഒരു തോല്‍വിയും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ ജയമൊഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ സമനില.കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോട് സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലേറ്റു വാങ്ങിയ തോല്‍വി.ലീഗില്‍ ഒന്നാമന്‍മാരായി നില്‍ക്കുന്ന ഗോവക്കെതിരെ ഇറങ്ങുമ്പോള്‍ എളുപ്പമാകില്ല കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍. മുന്നോട്ടുള്ള പോക്കിന് ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സ്. സഹപരിശീലകന്റെ വാക്കിലും അക്കാര്യം വ്യക്തം.

ഹോം ഗ്രൌണ്ടില്‍ ബ്ലാസ്റ്റേഴ്സും ആരാധകരും ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗോവ. കണക്കിലും ബ്ലാസ്റ്റേഴ്സിനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോവ. ഇരുടീമും മുന്‍പ് എട്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ അ‍ഞ്ചിലും ജയം ഗോവക്കായിരുന്നു. കൊച്ചിയില്‍ ആരാധകരുടെ പിന്തുണയും സമ്മര്‍ദ്ദവും ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടാകും.ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സും ഫോം നിലനിര്‍ത്താന്‍ ഗോവയും ഇറങ്ങുമ്പോള്‍ മത്സരം കനക്കും.