LiveTV

Live

Sports

ഇനി ഐപിഎൽ മാതൃകയിൽ വള്ളംകളിയും

ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിൽ നടത്തുന്ന മത്സരത്തിൽ വിജയികളാകുന്ന ടീമിന് കാൽകോടി രൂപയാണ് സമ്മാനത്തുക

 ഇനി ഐപിഎൽ മാതൃകയിൽ വള്ളംകളിയും

ഐപിഎൽ മാതൃകയിൽ സംസ്ഥാനത്ത് ഇനി വള്ളം കളി മത്സരവും സംഘടിപ്പിക്കുന്നു. ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിൽ നടത്തുന്ന മത്സരത്തിൽ വിജയികളാകുന്ന ടീമിന് കാൽകോടി രൂപയാണ് സമ്മാനത്തുക. ആലപ്പുഴ നെഹ്റു ട്രോഫി വള്ളം കളി മത്സരത്തോടെയാണ് ലീഗിന് തുടക്കമാകുക.

ഓളപ്പരപ്പിലെ ഒളിമ്പിക്സിന് പുതിയ രൂപം നൽകുന്നതിനായി സർക്കാർ മേൽനോട്ടത്തിൽ മത്സര രീതികൾ നിശ്ചയിച്ചു കഴിഞ്ഞു. പതിമൂന്ന് വേദികളിലായി 13 വള്ളം കളി മത്സരങ്ങൾ. ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ ഏറ്റവും മികച്ച സമയത്തിൽ എത്തിച്ചേരുന്ന ഒൻപത് ചുണ്ടൻ വള്ളംകളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ മത്സരിക്കാൻ യോഗ്യത നേടുക. അതിനായി 25 ടീമുകൾ തുഴയെറിയും. മൂന്ന് ടീമുകൾ വീതം പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്സുകളായി പ്രാഥമിക മത്സരം നടത്തും. അതിൽ മികച്ച സമയക്രമത്തിൽ എത്തുന്ന മൂന്ന് വള്ളംകളെ പങ്കെടുപ്പിച്ചാണ് ഫൈനൽ മത്സരം നടത്തുക. ഇതിനായി സംസ്ഥാനത്ത് നടക്കുന്ന പ്രമുഖമായ 13 വള്ളം കളികൾ വിനോദസഞ്ചാര വകുപ്പിന് കീഴിൽ സംഘടിപ്പിക്കും. അതിന്റെ സമയക്രമവും ലോഗോയും പുറത്തിറക്കി.

ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10,7,4 എന്ന രീതിയിൽ പോയിന്റ് നൽകും. ലൂസേഴ്സ് ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 3,2,1 എന്ന രീതിയിലാകും പോയിന്റുകൾ. നവംബർ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ് ട്രോഫി വള്ളം കളിയോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സമാപനമാകും. അന്താരാഷ്ട്ര നിലവാരത്തിൽ വള്ളം കളിനടത്തി വിനോദ സഞ്ചാര മേഖലക്ക് ഉണർവ്വ് പകരാനാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കം കുറിക്കുന്നത്. അടുത്ത് അഞ്ച് വർഷത്തേക്കുള്ള നടത്തിപ്പിനായുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.