LiveTV

Live

Sports

ക്വാര്‍ട്ടറില്‍ ഇന്ന് ഇംഗ്ലണ്ട്-സ്വീഡന്‍ പോരാട്ടം

മികച്ച ഒരു പിടി താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിനാണ് ഇന്ന് മുന്‍ തൂക്കം. രാത്രി 7.30 ന് സമാറ അരേനയിലാണ് മത്സരം

 ക്വാര്‍ട്ടറില്‍ ഇന്ന് ഇംഗ്ലണ്ട്-സ്വീഡന്‍ പോരാട്ടം

ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് - സ്വീഡനെ നേരിടും. മികച്ച ഒരു പിടി താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ടിനാണ് ഇന്ന് മുന്‍ തൂക്കം. രാത്രി 7.30 ന് സമാറ അരേനയിലാണ് മത്സരം.

ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയത്തിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മറികടന്നാണ് അവസാന എട്ടിലെത്തിയത്. താര നിര കൊണ്ട് സന്പന്നമാണ് ടീം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ടെ ടീമിനെ ഇത്തവണ മുന്നില്‍ നിന്ന് നയിക്കുന്ന ആറ് ഗോളുമായി ഗോള്‍ഡണ്‍ ബൂട്ടിനായി മുന്നില്‍ നില്‍ക്കുന്ന ഹാരി കെയ്ന‍് തന്നെ. ജോണ്‍ സ്റ്റോണ്‍സ്, ജെസി ലിംഗാര്‍ഡ്, യങ്ങ് എന്നിവര്‍ക്കൊപ്പം ദെലെ അലിയും പിന്നെ സൂപ്പര്‍ ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡും ചേരുമ്പോള്‍ ടീം ശക്തമാണ്.

മറുവശത്ത് ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ഗോളിനും തോല്‍പ്പിച്ചു. ഇന്നത്തെ മത്സരത്തില്‍ തങ്ങളെ ദുര്‍ബലരായി കാണേണ്ടതില്ലെന്നാണ് സ്വീഡന്‍ നായകന്‍ ആന്ദ്രെ ഗ്രാന്‍ക്വിസ്റ്റ് പറയുന്നത്. ഹാരി കെയ്നിന്റെ മുന്നേറ്റത്തെ തടയുകയാകും തങ്ങളുടെ പ്രധാന ലക്ഷ്യം. ഇബ്രാഹ്മോവിച്ചില്ലാത്തതിനാല്‍ ടീമിലെ എല്ലാ താരങ്ങളും കൂടുതല്‍ ഉത്തരവാദിത്തോടെയാണ് കളിക്കുന്നതെന്നും സ്വീഡിഷ് നായകന്‍ പറഞ്ഞു. ഇതുവരെ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണ ഇംഗ്ലണ്ടും ഏഴ് തവണ സ്വഡീനും വിജയിച്ചു. സമനിലയില്‍ പിരിഞ്ഞത് 9 എണ്ണം. ലോകകപ്പില്‍ 2006 ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് 2-2ന് മത്സരം അവസാനിച്ചു. 2006 ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറിലെത്തിയത്. സ്വീഡന്റെ അഞ്ചാം ലോകകപ്പ് ക്വാര്‍ട്ടറാണിത്.