LiveTV

Live

Sports

ജര്‍മനിക്കെതിരെ മെക്സിക്കന്‍ വീരഗാഥ

ജര്‍മനിക്കെതിരെ മെക്സിക്കന്‍ വീരഗാഥ
Summary
ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കന്‍ പുലികള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം പിടിച്ചടക്കി.

റഷ്യന്‍ ലോകകപ്പില്‍ ആദ്യ അട്ടിമറി. ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കന്‍ പുലികള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം പിടിച്ചടക്കി. 35 ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി ഇടിമിന്നല്‍ പോലെ കുതിച്ചുകയറിയ മെക്സിക്കന്‍ പ്രത്യാക്രമണം. വെലായില്‍ നിന്ന് ഹെര്‍ണാണ്ടസിലേക്ക്. ഹെര്‍ണാണ്ടസ് കണ്ണച്ചു തുറക്കുന്ന വേഗത്തില്‍ പന്ത് ലൊസാനോക്ക് കൈമാറി. ലോക ജേതാക്കളുടെ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയ നിമിഷം. ജര്‍മന്‍ പടക്ക് യാതൊരു അവസരവും നല്‍കാതെ ലൊസാനോ തൊടുത്ത പന്ത് വലയിലേക്ക് റോക്കറ്റ് വേഗത്തില്‍ ചീറിപ്പാഞ്ഞുകയറി.

ജര്‍മനിക്കെതിരെ മെക്സിക്കന്‍ വീരഗാഥ

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ തന്നെ മെക്സിക്കന്‍ പോരാളികള്‍ കളിയില്‍ ആധിപത്യം നേടിയെങ്കിലും ജര്‍മന്‍ പട പ്രതിരോധിച്ചും ആക്രമിച്ചും മുന്നേറ്റം തുടര്‍ന്നു. ആദ്യം തന്നെ ലീഡ് നേടിയെങ്കിലും പ്രതിരോധം മാത്രം തീര്‍ത്ത് ജര്‍മനിക്ക് മേല്‍ സമ്മര്‍ദമൊഴുക്കാന്‍ മെക്സിക്കന്‍ പോരാളികള്‍ തയാറായിരുന്നില്ല. ജര്‍മനി ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം പോസ്റ്റില്‍ നിന്ന് ബൂട്ടില്‍ കൊരുത്തിട്ട പന്തുകളുമായി മെക്സിക്കന്‍ താരങ്ങള്‍ പ്രത്യാക്രമണത്തിന് കോപ്പ് കൂട്ടി. ഈ കൌണ്ടര്‍ അറ്റാക്കുകളൊക്കെയും ജര്‍മന്‍ കോട്ട കാത്ത മാനുവല്‍ ന്യൂയറെ പരീക്ഷിക്കുന്നതായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുടെ കണ്ണുകെട്ടി മെക്സിക്കന്‍ മുന്നേറ്റ നിര ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പലവട്ടം ഇരച്ചുകയറി. തുടര്‍ച്ചയായി പ്രത്യാക്രമണങ്ങളിലൂടെ ജര്‍മനിയുടെ അടിതെറ്റിച്ച മെക്സിക്കന്‍ പോരാളികള്‍ ലോക ചാമ്പ്യന്‍മാരുടെ കളി മികവിനും മുകളിലേക്ക് ഷോട്ടുകള്‍ പായിച്ചു. മിന്നല്‍ വേഗത്തിലുള്ള പാസുകളും മുന്നേറ്റങ്ങളും തന്നെയായിരുന്നു മെക്സിക്കന്‍ കേളീശൈലിയുടെ സൌന്ദര്യം. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു മെക്സിക്കന്‍ സ്ട്രൈക്കര്‍മാരുടെ പാസുകള്‍. പ്രതിരോധത്തില്‍ ജര്‍മനി കെട്ടിപ്പൊക്കിയ മതില്‍ മെക്സിക്കന്‍ സുനാമിയില്‍ തകര്‍ന്നുപോകുകയായിരുന്നു പലപ്പോഴും. എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. മെക്സിക്കന്‍ ബോക്സിനുള്ളില്‍ ജര്‍മനിയുടെ തുടര്‍ച്ചയായ മിന്നലാക്രമണങ്ങള്‍. ഗോളെന്നുറച്ച് പല അവസരങ്ങള്‍. എന്നാല്‍ അതെല്ലാം മെക്സിക്കന്‍ മതിലില്‍ തട്ടിയകന്നു. ജര്‍മനിയുടെ സ്വാഭാവിക പാസ് ഗെയിമുകളൊന്നും മെക്സിക്കന്‍ നിരയുടെ മുന്നില്‍ വിലപ്പോയില്ല. അവസാന നിമിഷം വരെ ഗോളിന് വേണ്ടി ആക്രമിച്ചു കളിച്ചെങ്കിലും അനിവാര്യമായ തോല്‍വി വഴങ്ങുകയായിരുന്നു ജര്‍മനി.