സ്പെയിന് പരിശീലകനെ പുറത്താക്കി

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കേ സ്പെയിന് ദേശീയ ടീം കോച്ച് ഹൂലെന് ലാപ്പറ്റോഗിയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പുറത്താക്കി. ലോകകപ്പിന് ശേഷം റിയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ പുതിയ പരിശീലകനായി ലാപ്പറ്റേഗിയെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പകരം പരിശീലകനായി മുന്‍ താരം ഫെര്‍ണാണ്ടോ ഹെയ്റോയെ നിയമിച്ചു.
ഫുട്ബോള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ്, കിരീട സാധ്യതയില്‍ മുന്‍പന്തിയിലുള്ള സ്പെയിനിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഹൂലെന് ലാപറ്റേഗിയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പുറത്താക്കിയത്. 2020വരെ അസോസിയേഷനുമായി കരാറുള്ള ലപറ്റേഗി അസോസിയേഷനോട് കൂടിയാലോചിക്കാതെയാണ് റിയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചത്.
പ്രഖ്യാപനത്തിന് അഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് ഇക്കാര്യം അസോസിയേഷന് അറിഞ്ഞതെന്നും, ദേശീയ ടീമിനെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും അതിനാല്‍ പരിശീലകസ്ഥാനത്ത് നിന്ന് ലാപറ്റേഗിയെ മാറ്റുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അസോസിയേഷന് പ്രസിഡണ്ട് ലുയീസ് റൂബിയള്സ് പറഞ്ഞു. 2016 യൂറോകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ലാപറ്റേഗിയെ സ്പെയിന് പരിശീലകനായി നിയമിച്ചത്. ശേഷം കളിച്ച 20 കളികളും സ്പെയിന് അപരാജിതരായിരുന്നു. ലാപറ്റേഗിക്ക് പകരക്കാരനായി മുന്‍ താരം ഫെര്‍ണാണ്ടോ ഹെയ്റോയെ നിയമിച്ചു. നിലവില്‍ ടീം സ്പോര്‍ട്ടിംഗ് ഡയറക്ടറാണ് ഹെയ്റോ.