LiveTV

Live

Sports

റോബര്‍ട്ടോ ബാജിയോ ഒരു നിമിഷംകൊണ്ട് 'വില്ലനാ'യ കഥ...

റോബര്‍ട്ടോ ബാജിയോ ഒരു നിമിഷംകൊണ്ട് 'വില്ലനാ'യ കഥ...
Summary
ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ബാജിയോയെ ലോകമോര്‍ക്കുന്നത് ഒറ്റ പെനാല്‍ട്ടി നഷ്ടത്തിന്റെ പേരിലാണ്.

അതുല്യമായ സംഭാവനകള്‍ കാഴ്‍ച്ചവെച്ചിട്ടും ഒരൊറ്റ പിഴവിന്റെ പേരില്‍ വില്ലന്‍ പരിവേഷം കൈവന്ന ഒട്ടേറെ താരങ്ങളുണ്ട് ലോകകപ്പ് ചരിത്രത്തില്‍. ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ബാജിയോയെ ലോകമോര്‍ക്കുന്നത് ഒറ്റ പെനാല്‍ട്ടി നഷ്ടത്തിന്റെ പേരിലാണ്.

1994 ലോകകപ്പ് ഫൈനല്‍. ഇറ്റലിക്കെതിരാളി ബ്രസീല്‍. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച തൊണ്ണൂറ് മിനുട്ടും അധിക സമയവും. വിജയികളെ കണ്ടെത്തുന്നതിനായി മത്സരം ഷൂട്ടൌട്ടിലേക്ക്. ആദ്യത്തെ രണ്ട് കിക്കുകളും ഇരു ടീമുകളും പാഴാക്കുന്നു. ദുംഗയെടുത്ത നാലാം കിക്ക് ഗോളായതോടെ ബ്രസീല്‍ മൂന്നേ രണ്ടിന് മുന്നില്‍. ഇറ്റലിയുടെ അടുത്ത കിക്ക് തടഞ്ഞിട്ടാല്‍ അവര്‍ക്ക് കിരീടം സ്വന്തമാക്കാം. ഇറ്റലിക്ക് വേണ്ടി അവസാന കിക്കെടുക്കാനെത്തിയത് പുത്തന്‍ താരോദയം റോബര്‍ട്ടോ ബാജിയോ. അഞ്ച് ഗോളുകള്‍ നേടി അസൂറികളെ ഫൈനലിലെത്തിച്ചവനാണ്. പൌളോ റോസിയുടെ പിന്‍ഗാമിയെന്ന് ഇറ്റലിക്കാര്‍ വിശേഷിപ്പിച്ചുതുടങ്ങിയവനാണ്. അവസാന കിക്കേല്‍പ്പിക്കാന്‍ ഇറ്റാലിയന്‍ കോച്ച് ബാജിയോയെ കരുതിവെച്ചതാണ്. ക്ലോഡിയ ടഫറേലെന്ന അതിമാനുഷനായ ബ്രസീല്‍ ഗോളിക്ക് മുന്നില്‍ ബാജിയോ നിന്നു. പിഴച്ചില്ലെങ്കില്‍ നേടാന്‍ പോകുന്ന ലോകവും പിഴച്ചാല്‍ നഷ്ടപ്പെടാന്‍ പോകുന്ന കിനാക്കളും ഒരൊറ്റ നിമിഷം അയാളുടെ മനസിലൂടെ പാഞ്ഞുപോയിക്കാണണം. അതിസമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ റോബര്‍ട്ടോ ബാജിയോയുടെ കിക്ക് ബ്രസീല്‍ ഗോളി ടഫറേലിനും ഗോല്‍ബാറിനും മുകളിലൂടെ അകലേക്ക് പറന്നുപോയി.

ഫൈനല്‍ വരെ വീരനായകനായി വാഴ്ത്തപ്പെട്ടവന്‍ ഒറ്റനിമിഷം കൊണ്ട് ടീമിന് കപ്പ് നഷ്ടപ്പെടുത്തിയ വില്ലനായി. ഫുട്ബോള്‍ ലോകം നിര്‍ഭാഗ്യത്തിന്റെ തോഴനെന്ന് ബാജിയോക്ക് പേര് നല്‍കി. നാല് കൊല്ലം കഴിഞ്ഞ് ഫ്രാന്‍സ് വേള്‍ഡ് കപ്പിലും ഇറ്റലിക്കൊപ്പം ബാജിയോ വന്നു. ചിലിക്കെതിരെയായിരുന്നു ആദ്യ മത്സരം. ക്രിസ്ത്യന്‍ വിയേരിയുടെ ഗോളില്‍ മുന്നില്‍ കയറിയ ഇറ്റലിയെ മൂന്ന് മിനുട്ടുകള്‍ക്കുള്ളില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് ചിലി പിന്നിലാക്കുന്നു. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ബാജിയോയുടെ ഷോട്ട് പെനാല്‍ട്ടി ബോക്സില്‍ നിന്ന ചിലിയന്‍ താരത്തിന്റെ കയ്യില്‍ തട്ടുന്നു. ഇറ്റലിക്കനുകൂലമായി പെനാല്‍ട്ടി. കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ടത് അതെ ബാജിയോ. കാമറക്കണ്ണുകള്‍ മുഴുവന്‍ അയാള്‍ക്ക് നേരെ തിരിഞ്ഞു. ബാജിയോയുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞുപോയി. നാലു വര്‍ഷങ്ങള്‍ക്ക് പിറകിലെ കറുത്ത ഓര്‍മ്മകള്‍ ബാജിയോയെ ഒരു നിമിഷം നിശ്ചലനാക്കി. പെനാല്‍ട്ടി ബോക്സിന് മുന്നില്‍ തലതാഴ്ത്തിയിരുന്നു ബാജിയോ. ഓടിയെത്തിയ വിയേരിയും സഹതാരങ്ങളും ധൈര്യം കൊടുത്തു. ബാജിയോ പന്തെടുത്ത് പെനാല്‍ട്ടി സ്പോട്ടിലേക്ക് നടന്നു. പിറകില്‍ നിന്നും ചിലിയന്‍ താരങ്ങള്‍ പഴയതെല്ലാം ഓര്‍മ്മിപ്പിച്ച് പിന്നാലെ കൂടുന്നുണ്ടായിരുന്നു. ബാജിയോയുടെ ആത്മവിശ്വാസം കളയാന്‍ അവര്‍ വിടാതെ പിന്തുടര്‍ന്നു. ബാജിയോ പ്രതികരിച്ചില്ല. റഫറിയുടെ വിസിലിനൊപ്പം കുതിച്ച ബാജിയോയുടെ വലങ്കാലന്‍ ഷോട്ട് ചിലിയന്‍ പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞുകയറി. ലോകം നിറകണ്ണുകളോടെ ആ കാഴ്‍ച്ച കണ്ടു നിന്നു.