LiveTV

Live

Sports

ത്രില്ലര്‍ ജയത്തോടെ ട്വന്‍റി 20 പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍

ത്രില്ലര്‍ ജയത്തോടെ ട്വന്‍റി 20 പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാന്‍
Summary
പരമ്പരയിലുടനീളം ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കിയ അഫ്ഗാനിസ്ഥാന്‍റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ്ഖാനാണ് പരമ്പരയിലെ താരം

റാഷിദ് ഖാന്റെ സ്പിന്‍ ബൗളിംങിന്റെ മികവില്‍ പിരിമുറുക്കം അവസാന പന്തുവരെ നീണ്ട ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഈ ജയത്തോടെ ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര അഫ്ഗാനിസ്ഥാന്‍ തൂത്തുവാരി.

അഫ്ഗാനിസ്ഥാന്റെ 146 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന് അവസാന ഓവറിലെ അവസാന പന്തുവരെ വിജയപ്രതീക്ഷയുണ്ടായിരുന്നു. അഞ്ചാം വിക്കറ്റില്‍ മുസ്ഷിഖുര്‍ റഹ്മീമും(46) മഹ്മദുള്ളയും(45) ചേര്‍ന്ന് വിജയത്തിന് തൊട്ടടുത്തുവരെ ബംഗ്ലാ പ്രതീക്ഷകളെ എത്തിച്ചതുമാണ്. എന്നാല്‍ റാഷിദ് ഖാന്റെ അവസാന ഓവര്‍ ബംഗ്ലാദേശ് പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു.

അവസാന 12 പന്തുകളില്‍ 30 റണ്‍സായിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറില്‍ അഞ്ച് ഫോറുകള്‍ അടിച്ച് മുഷ്ഫിഖുര്‍ റഹീം കളി ബംഗ്ലാദേശിന്റെ കയ്യിലേക്കെത്തിച്ചെന്ന് തോന്നിപ്പിച്ചതാണ്. അവസാന ഓവര്‍ പത്തൊമ്പതുകാരന്‍ റാഷിദ്ഖാന്‍ എറിയാനെത്തുമ്പോള്‍ ബംഗ്ലാദേശ് വിജയലക്ഷ്യം വെറും ഒമ്പതു റണ്‍സ് മാത്രം അകലെയായിരുന്നു. അങ്ങനെ എളുപ്പം തോറ്റുകൊടുക്കാന്‍ റാഷിദ്ഖാന്‍ തയ്യാറായിരുന്നില്ല.

അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ വിജയത്തിലേക്ക് ബാറ്റു വീശിയ മുഷ്ഫിഖുര്‍ റഹ്മാനെ(37 പന്തില്‍ 46) റാഷിദ് ഖാന്‍ മടക്കി. പിന്നീടുള്ള പന്തുകളില്‍ 1, 2, 1, 1 എന്നിങ്ങനെയായിരുന്നു റാഷിദ്ഖാന്‍ റണ്‍ പിശുക്കി നല്‍കിയത്. അവസാന പന്തില്‍ ഫോറടിച്ചാല്‍ ജയിക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അവസാന പന്ത് അരിഫുള്‍ ഹക്ക് ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ ലക്ഷ്യം വെച്ചടിച്ചു. എന്നാല്‍ ലോങ് ഓണില്‍ ഷഫീക്കുള്ള ഷഫീഖ് പറന്നുപിടിച്ച് പന്ത് സിക്‌സറാകുന്നതിന് മുമ്പേ തടഞ്ഞിട്ടു. ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡര്‍ പോയെങ്കിലും പന്ത് ബൗണ്ടറികടക്കാതെ ഷഫീഖ് കാത്തു. അപ്പോഴേക്കും ഓടിയെത്തിയ ലോങ് ഓഫ് ഫീല്‍ഡര്‍ പന്തെടുത്തെറിഞ്ഞു. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ മൂന്നാം റണ്ണിനായുള്ള ഓട്ടം പൂര്‍ത്തിയാകാതെ പുറത്തായി.

ബംഗ്ലാദേശിനെ ജയത്തിന്റെ തൊട്ടടുത്തു വരെയെത്തിച്ച മുഷ്ഫുഖുര്‍ റഹ്മാനാണ് കളിയിലെ താരം. പരമ്പരയിലുടനീളം ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കിയ സ്പിന്‍ മാന്ത്രികന്‍ റാഷിദ്ഖാനാണ് പരമ്പരയിലെ താരം. ഈ പരമ്പര ജയത്തോടെ ഇന്ത്യക്കെതിരായി കന്നി ടെസ്റ്റ് കളിക്കാനിറങ്ങുന്ന അഫ്ഗാനിസ്ഥാന്‍ ഒരുക്കം ഗംഭീരമാക്കി. ജൂണ്‍ 14ന് ബംഗളൂരുവില്‍ വെച്ചാണ് ഇന്ത്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ്.