LiveTV

Live

Sports

ചെന്നൈക്ക് 179 റണ്‍സ് വിജയലക്ഷ്യം

ചെന്നൈക്ക് 179 റണ്‍സ് വിജയലക്ഷ്യം
Summary
ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 179 റണ്‍സ് വിജയലക്ഷ്യം.

ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹൈദരാബാദിനെ ചെന്നൈക്ക് തുടക്കത്തില്‍ വിറപ്പിക്കാനായെങ്കിലും പതിയെ അവര്‍ മൈതാനത്ത് ഉദിച്ചുയര്‍ന്നു. ചഹാറും നഗ്ദിയും ഹൈദരാബാദിനെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയും ബ്രാവോയും കൈ അയച്ചു സഹായിച്ചതോടെ ഹൈദരാബാദിന്റെ സ്കോറും ഭേദപ്പെട്ട നിലയിലായി. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന നിലയില്‍ ഹൈദരാബാദ് ബാറ്റ് താഴെവെച്ചു.

ശ്രീവത്സ് ഗോസ്വാമിയെയാണ് ഹൈദരാബാദിന് ആദ്യം നഷ്ടപ്പെട്ടത്. ഇല്ലാത്ത റണ്ണിനായുള്ള വിളിയും വിക്കറ്റിനിടയിലെ ഓട്ടത്തിലെ അശ്രദ്ധയുമാണ് ഗോസ്വാമിയുടെ ആയുസ് തീരുമാനിച്ചത്. അഞ്ച് റണ്‍സായിരുന്നു ഗോസ്വാമിയുടെ സമ്പാദ്യം. എന്നാല്‍ തുടക്കത്തിലെ പാളിച്ചയില്‍ നിന്ന് പാഠം പഠിച്ച ഹൈദരാബാദ് പിന്നീടങ്ങോട്ട് ചെറു കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നുവെങ്കിലും ഹൈദരാബാദിന്റെ സ്കോര്‍ മുന്നോട്ട് തന്നെ കുതിച്ചു. പന്തുകള്‍ക്ക് മീതെ റണ്ണൊഴുക്കാനായിരുന്നു ഏവരുടെയും ശ്രദ്ധ. 26 റണ്‍സെടുത്ത ധവാനെയാണ് ഹൈദരാബാദിന് പിന്നീട് നഷ്ടപ്പെട്ടത്. സ്കോര്‍ നൂറു കടന്നതിന് പിന്നാലെ നായകന്‍ കെയ്‍ന്‍ വില്യംസണും(47) വീണു. 23 റണ്‍സുമായി ഷാക്കിബ് അല്‍ ഹസന്‍, റെയ്നക്ക് പിടികൊടുത്ത് മടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് യൂസുഫ് പത്താന്റെ വേട്ടയായിരുന്നു. 25 പന്തില്‍ നിന്ന് 45 റണ്‍സുമായി അവസാനം വരെ ഹൈദരാബാദിന്റെ ക്രീസില്‍ പത്താന്‍ കോട്ട കെട്ടി. ചെന്നൈക്ക് വേണ്ടി നഗ്ദി, താക്കൂര്‍, ശര്‍മ, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.