LiveTV

Live

Sports

പാടത്തെ ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം; ഒടുവില്‍ ഔട്ട് വിധിച്ച് ഐസിസി

പാടത്തെ ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം; ഒടുവില്‍ ഔട്ട് വിധിച്ച് ഐസിസി
Summary
നാട്ടിന്‍പുറങ്ങളിലെ ക്രിക്കറ്റ് കളിക്ക് ഐസിസിയുടെ നിയമങ്ങളൊന്നും ബാധകമല്ല.

നാട്ടിന്‍പുറങ്ങളിലെ ക്രിക്കറ്റ് കളിക്ക് ഐസിസിയുടെ നിയമങ്ങളൊന്നും ബാധകമല്ല. അതിന് തനതായ ചില നിയമങ്ങളൊക്കെയുണ്ട്. അതിപ്പോള്‍ അടുത്തവീട്ടിലെ ജനല്‍ചില്ല് പന്തടിച്ച് പൊട്ടിച്ചാലും കാട്ടിലേക്ക് അടിച്ചുകളഞ്ഞാലുമൊക്കെ ബാറ്റ്സ്മാന്‍മാര്‍ ഔട്ടാകും. സിക്സറില്ലാത്ത ബൌണ്ടറിയും സിംഗിളുകളും മാത്രമുള്ള പിച്ചുകളും ഗ്രാമങ്ങളില്‍ കാണാം. ഇത്തരം പിച്ചുകളില്‍ ഔട്ടുകളെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടാകില്ല. അത് ചിലപ്പോളൊക്കെ നാടന്‍ തല്ല് വരെയെത്തും.

ഇത്തരത്തില്‍ പാകിസ്താനിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റ്സ്മാന്‍ ഔട്ടായോ എന്ന തര്‍ക്കം മുറുകിയപ്പോള്‍ ഇതില്‍ ഐസിസി വിധി പറയുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. സംഭവം ഇങ്ങനെ: പാകിസ്താനിലെ ഒരു ഗ്രാമത്തിലാണ് കളി നടന്നിരുന്നത്. നല്ല കാറ്റുള്ള ഒരു പാടത്താണ് കളി. ബാറ്റ്സ്മാന്‍ അടിച്ച പന്ത് കാറ്റിന്റെ ശക്തിയില്‍ തിരിച്ചു ഉരുണ്ട് വന്ന് സ്റ്റംപില്‍ തട്ടുന്നു. ഈ സമയം ക്രീസിന് വെളിയില്‍ നില്‍ക്കുകയായിരുന്ന ബാറ്റ്സ്മാന്‍ പന്തിനെ തട്ടിമാറ്റാനൊക്കെ നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ കാറ്റിനെ പഴിച്ച് ബാറ്റ്സ്മാന്‍ ക്രീസ് വിടാന്‍ തയാറായില്ല. തര്‍ക്കത്തിനൊടുവില്‍ ബാറ്റ്സ്മാന്‍ കളംവിട്ടു. ഇതിന്റെ വീഡിയോ കളി കണ്ടിരുന്ന ഒരാളെടുത്ത് ഐസിസിക്ക് അയച്ചുകൊടുത്തു. ഇത് ഔട്ടാണോയെന്നായിരുന്നു സംശയം.

ഏതായാലും പാടത്തെ കളി തര്‍ക്കത്തിന് വിധി പറയാന്‍ ഐസിസിക്ക് മടിയുണ്ടായില്ല. നിര്‍ഭാഗ്യവശാല്‍ ബാറ്റ്സ്മാന്‍ ഔട്ടാണെന്നായിരുന്നു ഐസിസിയുടെ തീരുമാനം.