LiveTV

Live

Sports

ആവേശക്കളിക്കൊടുവില്‍ ധോണിയുടെ മഞ്ഞപ്പട ഫൈനലില്‍

ആവേശക്കളിക്കൊടുവില്‍ ധോണിയുടെ മഞ്ഞപ്പട ഫൈനലില്‍
Summary
പ്രതിസന്ധിയില്‍ രക്ഷക്കെത്തുന്ന ധോണിയും(18 പന്തില്‍ 9) ബ്രാവോയും(7) ജഡേജയും (3) മടങ്ങിയതോടെ ചെന്നൈ തോല്‍വി മണത്തു.

ജയപരാജയം മാറിമറിഞ്ഞ ആദ്യ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍കിംങ്‌സ് ഐപിഎല്‍ ഫൈനലില്‍. കുറഞ്ഞ സ്‌കോറുകളുടെ മത്സരത്തില്‍ അവസാന ഓവറുകളിലാണ് മത്സരം ചെന്നൈക്ക് അനുകൂലമായത്. ഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയ ഹാഫ് ഡുപ്ലസിസാണ്(42 പന്തില്‍ 67 റണ്‍സ്) ചെന്നൈയുടെ വിജയശില്‍പി.

ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 139 റണ്‍ നേടിയപ്പോള്‍ ചെന്നൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യ പന്തില്‍ തന്നെ വിക്കറ്റു നേടി ഗംഭീരമായാണ് ചെന്നൈ തുടങ്ങിയത്. ചഹാറെറിഞ്ഞ ആദ്യ പന്തില്‍ ബാറ്റുവെച്ച ശിഖര്‍ധവാന് പിഴച്ചപ്പോള്‍ ബാറ്റില്‍ തട്ടി വിക്കറ്റ് തെറിക്കുകയായിരുന്നു. എന്‍ഗിഡിയും ബ്രാവോയും രവീന്ദ്ര ജഡേജയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിച്ചതോടെ ഹൈദരാബാദിന്റെ റണ്‍ നിരക്ക് കുറയുകയായിരുന്നു. ബ്രാവോ രണ്ട്‌വിക്കറ്റും എന്‍ഗിഡിയും താക്കൂറും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വാലറ്റത്ത് ബ്രാത്ത് വൈറ്റിന്റെ(29 പന്തില്‍ 43*) കൂറ്റനടികളാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ 139ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ചെന്നൈയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. റണ്ണെടുക്കും മുമ്പേ വാട്‌സണ്‍ ഭുവനേശ്വര്‍ കുമാറിന്റെ സ്വിംങ് ബൗളിംങിന് മുന്നില്‍ കീഴടങ്ങി. സുരേഷ് റെയ്‌ന 13 പന്തില്‍ 22 റണ്ണെടുത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും കൗളിന് വിക്കറ്റ് നല്‍കി. റായുഡുവിനെ കൗള്‍ ഗോള്‍ഡന്‍ ഡക്കാക്കുകയും കൂടി ചെയ്തതോടെ ചെന്നൈ പരുങ്ങലിലായി. പ്രതിസന്ധിയില്‍ രക്ഷക്കെത്തുന്ന ധോണിയും(18 പന്തില്‍ 9) ബ്രാവോയും(7) ജഡേജയും (3) മടങ്ങിയതോടെ ചെന്നൈ തോല്‍വി മണത്തു.

ഒരറ്റത്ത് വിക്കറ്റുകള്‍ തുടരെ വീഴുമ്പോഴും നിലയുറപ്പിച്ചു നിന്നു ബാറ്റു വീശിയ ഡുപ്ലസിയില്‍ മാത്രമായിരുന്നു ചെന്നൈയുടെ പ്രതീക്ഷ. പതിനെട്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് മാത്രം ശേഷിക്കേ 12 പന്തില്‍ വേണ്ടത് 23 റണ്‍സ്. കൗള്‍ എറിഞ്ഞ നിര്‍ണ്ണായക ഓവറിലെ ആദ്യ പന്ത് ശാര്‍ദൂല്‍ താക്കൂറിന്റെ ബാറ്റിലുരുമ്മി കീപ്പര്‍ക്കരികിലൂടെ ബൗണ്ടറിയിലേക്ക്. രണ്ടാം ബോള്‍ താക്കൂറിന്റെ ബാറ്റില്‍ തട്ടി വിക്കറ്റിന് മുകളിലൂടെ വീണ്ടും പുറകിലേക്ക് ഫോര്‍. അതോടെ ഭാഗ്യത്തിന്റെ ആനുകൂല്യം ചെന്നൈക്കൊപ്പമെന്ന് തെളിഞ്ഞു. രണ്ട് സിംഗിളുകള്‍ക്കും ഒരു ഡബിളിനുമൊടുവില്‍ അവസാന പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ താക്കൂര്‍ ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു. അതോടെ അവസാന ഓവറില്‍ വേണ്ടത് ആറു റണ്‍സ്.

ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി അവസാന ഓവറിലെ ആദ്യ പന്തു തന്നെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്‌സറിന് പറത്തി ഡുപ്ലസി ജയം ആഘോഷിച്ചു. ഡുപ്ലസിയുടെ ഇന്നിംങ്‌സിനൊപ്പം താക്കൂര്‍ അഞ്ച് പന്തില്‍ നേടിയ 15 റണ്‍സിന് വലിയ വിലയുണ്ടായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരില്‍ റാഷിദ് ഖാനായിരുന്നു ഏറ്റവും അപകടകാരി. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് ധോണിയേയും ബ്രാവോയേയും വീഴ്ത്തിയത്. സന്ദീപ് ശര്‍മ്മയും കൗളും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ആദ്യ ക്വാളിഫെയര്‍ തോറ്റെങ്കിലും ഇനിയും ഫൈനലിലെത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അവസരമുണ്ട്. രണ്ടാം ക്വാളിഫെയറിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ വിജയികളുമായി ഇനി സണ്‍റൈസേഴ്‌സ് ഏറ്റുമുട്ടും. ആ മത്സരത്തിലെ വിജയികളായിരിക്കും ചെന്നൈയുമായി കലാശപ്പോരാട്ടത്തിനെത്തുക.