LiveTV

Live

Sports

റാഷിദ് ഖാന്‍, പന്തില്‍ ചുഴലിക്കാറ്റിനെ നിറക്കുന്നവന്‍

റാഷിദ് ഖാന്‍, പന്തില്‍ ചുഴലിക്കാറ്റിനെ നിറക്കുന്നവന്‍
Summary
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊടുങ്കാറ്റിനെ പോലെയായിരുന്നു റാഷിദ് ഖാന്‍ എന്ന 19 കാരന്‍ അഫ്ഗാന്‍ സ്‍പിന്നറുടെ കടന്നു വരവ്.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊടുങ്കാറ്റിനെ പോലെയായിരുന്നു റാഷിദ് ഖാന്‍ എന്ന 19 കാരന്‍ അഫ്ഗാന്‍ സ്‍പിന്നറുടെ കടന്നു വരവ്. ലോക ക്രിക്കറ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബൌളര്‍ എന്ന നേട്ടം റാഷിദ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ട് അധിക കാലമായിട്ടില്ല. വിക്കറ്റുകളോട് റാഷിന്‍റെ പന്തുകള്‍ക്കുള്ള പ്രണയം തന്നെയാണ് ഈ 19 കാരനെ ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റില്‍ അടയാളപ്പെടുത്തിയത്. പന്തില്‍ ചുഴലിക്കാറ്റിനെ നിറച്ച് വിക്കറ്റിലേക്ക് കറക്കിയെറിയുന്ന റാഷിദ് എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി കുറച്ചൊന്നുമല്ല. റാങ്കിങില്‍ ഒന്നാം നിര ബോളര്‍ എന്ന നേട്ടം സ്വന്തമാക്കിയതിന് അഫ്ഗാന്‍ ടീം മാനേജ്മെന്‍റ് തങ്ങളുടെ യുവതാരത്തിന് സമ്മാനിച്ചത് ക്യാപ്റ്റന്‍ സ്ഥാനം തന്നെയായിരുന്നു.

റാഷിദ് ഖാന്‍, പന്തില്‍ ചുഴലിക്കാറ്റിനെ നിറക്കുന്നവന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഒന്‍പത് കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‍സ് ഹൈദരാബാദ് റാഷിദിനെ സ്വന്തം പാളയത്തിലെത്തിച്ചത്. ഇത്തവണത്തെ ഐപിഎല്ലില്‍ വിക്കറ്റു വേട്ടക്കാരില്‍ കുറച്ച് പിന്നിലാണെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന താരങ്ങളില്‍ മുന്നിലാണ് റാഷിദ് ഖാന്‍. എന്നാല്‍ വരും ദിവസങ്ങളില്‍ ഐപിഎല്ലിലെ കൊടുങ്കാറ്റാകാന്‍ റാഷിദിന് കഴിയുമെന്നാണ് സണ്‍റൈസേഴ്‍സ് ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി പ്രവചിക്കുന്നത്. 2015 ഒക്ടോബറില്‍ 17 വയസുകാരനായ റാഷിദ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവതരിച്ചു. പിന്നീട് റോക്കറ്റ് വേഗത്തിലായിരുന്നു റാഷിദിന്‍റെ കുതിപ്പ്. ഏകദിനത്തിലും ട്വന്‍റി 20 യിലും വിക്കറ്റ് വേട്ടക്കാരില്‍ അതിക്രൂരനായി റാഷിദ്. എതിരാളികള്‍ക്ക് മേല്‍ യാതൊരു ദാക്ഷിണ്യവും കൂടാതെയുള്ള പന്തേറ് റാഷിദിനെ ചുരുങ്ങിയ കാലം കൊണ്ട് വിദേശ ടീമുകളുടെ പേടിസ്വപ്നമാക്കി. യുദ്ധവും കലാപവും തകര്‍ത്തുകളഞ്ഞ അഫ്ഗാനില്‍ നിന്ന് വെടിയുണ്ടുകളുടെ കരുത്തും മിസൈലിന്‍റെ പ്രഹരശേഷിയുമുള്ള കറകളഞ്ഞ ബോളറായി റാഷിദ് വളര്‍ന്നു വരികയായിരുന്നു. റാഷിദ് വ്യത്യസ്തനായ ക്രിക്കറ്ററാണെന്നും മുന്‍ വര്‍ഷത്തില്‍ തങ്ങള്‍ക്ക് മുന്നില്‍ ഇത് പലവട്ടം തെളിയിച്ചതായും ടോം മൂഡി പറയുന്നു.

അഫ്ഗാനിസ്ഥാന്‍ എന്ന ക്രിക്കറ്റ് ടീമിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2013 ല്‍ ടീമിലെ മിക്ക താരങ്ങളും ക്രിക്കറ്റ് പിച്ചിലേക്ക് എത്തിയത് അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നായിരുന്നു. തുടക്കത്തില്‍ അതൊരു രക്ഷപെടലായിരുന്നെങ്കിലും വളരെ പെട്ടെന്ന് അഫ്ഗാന്‍ ടീം ലോക ക്രിക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം എഴുതിച്ചേര്‍ത്തു. ജൂണില്‍ ഇന്ത്യയുമായി പ്രഥമ ടെസ്റ്റ് പരമ്പര കളിക്കാനിരിക്കുകയാണ് അഫ്ഗാന്‍ നിര. അതോടൊപ്പം അടുത്ത ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടിയ കരുത്തന്‍ ടീമുമായി അഫ്ഗാന്‍. അഫ്ഗാന്‍റെ ഈ കുതിപ്പുകളില്‍ ഊര്‍ജമേകിയവരില്‍ പ്രധാനിയാണ് റാഷിദ്. അതുപോലെ ഇപ്പോള്‍ ഐപിഎല്ലില്‍ തങ്ങളുടെ കുന്തമുനയാണ് റാഷിദെന്നും മൂഡി പറയുന്നു. വിക്കറ്റ് നേടുന്നതില്‍ റാഷിദിന് ഒരു പ്രത്യേക കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.