LiveTV

Live

Sports

ബ്രസീല്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ എത്തുമെന്ന് പെലെ

ബ്രസീല്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ എത്തുമെന്ന് പെലെ
Summary
റഷ്യയില്‍ പന്തുരുളുമ്പോള്‍ കിരീട പ്രതീക്ഷ ഏറെയുള്ള രാജ്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ബ്രസീല്‍

ബ്രസീല്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫുട്ബോള്‍ ഇതിഹാസം പെലെ. നിലവിലെ ബ്രസീലിന്റെ പ്രകടനം ഇത് തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ലോകകപ്പിന്റെ നിലവാരത്തകര്‍ച്ചക്ക് കാരണമാകുമെന്നും പെലെ വ്യക്തമാക്കി.

റഷ്യയില്‍ പന്തുരുളുമ്പോള്‍ കിരീട പ്രതീക്ഷ ഏറെയുള്ള രാജ്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ബ്രസീല്‍. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കണ്ണീരണിഞ്ഞ കാനറികള്‍ക്ക് നാല് വര്‍ഷത്തിനിടെ പുതുജീവന്‍ കൈവന്നിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനം ഇത് മനസിലാക്കി തരും. ഇതുതന്നെയാണ് പെലെയുടെ ആത്മവിശ്വാസത്തിനും പിന്നില്‍. എന്നാല്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെക്ക് ടീമിനെ ഒരുക്കാന്‍ കുറച്ച് സമയം മാത്രമേ ഉള്ളൂവെന്നും ഇതിടയില്‍ ചെയ്യാവുന്നതിന്റെപരമാവധി ടീം ചെയ്യണമെന്നും പെലെ പറഞ്ഞു.

“ടിറ്റെ വളരെ വിശ്വസ്തനും, കഴിവുള്ളയാളുമാണ്, പക്ഷെ ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിനാകണം. സമയം ഇനി രണ്ടര മാസം മാത്രമേ ഉള്ളൂ. എങ്കിലും അദ്ദേഹത്തില്‍ എനിക്ക് വിശ്വാസമുണ്ട്”

2026 ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനുള്ള ഫിഫയുടെ നീക്കത്തോട് പെലെ വിയോജിച്ചു. കൂടുതല്‍ ടീമുകള്‍ വന്നാല്‍ ലോകകപ്പിന്റെ പ്രാധാന്യവും നിലവാരവും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വീഡിയോ അസിസ്റ്റന്‍റ്‍ റഫറി സിസ്റ്റം ഫുട്ബോളിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇത്തവണ ലോകകപ്പ് കാണാന്‍ റഷ്യയിലേക്കെത്തില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ പെലെയും റഷ്യയിലുണ്ടാകുമെന്നാണ് സൂചന.