LiveTV

Live

Sports

ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട്; നിതാഹാസ് ടി20 കിരീടം ഇന്ത്യക്ക് 

ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട്; നിതാഹാസ് ടി20 കിരീടം ഇന്ത്യക്ക് 
Summary
നാല് വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചത്.

മുന്നില്‍ നിന്ന് രോഹിത് ശര്‍മ്മയും അവസാനത്തില്‍ ദിനേശ് കാര്‍ത്തിക്കും അടിച്ചുകളിച്ചപ്പോള്‍ നിതാഹാസ് ടി20 കിരീടം ഇന്ത്യക്ക്. നാല് വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പിച്ചത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ ജയം. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നിടത്ത് ദിനേശ് കാര്‍ത്തിക്ക് സിക്സര്‍ പായിക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക്കിന്‍റെ മിന്നല്‍ ബാറ്റിങാണ് ഇന്ത്യക്ക് കളി അനുകൂലമാക്കിയത്. എട്ട് പന്തില്‍ നിന്നായിരുന്നു ദിനേശ് കാര്‍ത്തികിന്‍റെ(29) വെടിക്കെട്ട് ബാറ്റിങ്.

രോഹിത് ശര്‍മ്മ 56 റണ്‍സ് നേടി. രോഹിത് ശര്‍മ്മയിലൂടെ തുടക്കത്തില്‍ ഇന്ത്യ അടിച്ചുകളിച്ചെങ്കിലും മധ്യ ഓവറുകളില്‍ ബംഗ്ലാദേശ് പിടിമുറുക്കിയത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് മടങ്ങിയത് ബംഗ്ലാദേശിന് ആഘോഷിക്കാനുള്ള വകനല്‍കി. എന്നാല്‍ മനീഷ് പാണ്ഡെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ 18ാം ഓവറില്‍ പാണ്ഡെ(28) മടങ്ങിയെങ്കിലും ദിനേശ് കാര്‍ത്തിക്ക് ദൌത്യം ഏറ്റെടുത്തു. 19ാം ഓവറില്‍ അതുവരെ മികച്ച നിലയില്‍ പന്തെറിഞ്ഞ റൂബേല്‍ ഹുസൈനെ ദിനേശ് കാര്‍ത്തിക്ക് അതിര്‍ത്തി കടത്തി. 22 റണ്‍സാണ് ആ ഓവറില്‍ ദിനേശ് കാര്‍ത്തിക്ക് നേടിയത്. ആ ഓവര്‍ തന്നെയായിരുന്നു ഇന്ത്യന്‍ വിജയത്തിന്‍റെ വഴിത്തിരിവ്.

ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട്; നിതാഹാസ് ടി20 കിരീടം ഇന്ത്യക്ക് 

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 166 റണ്‍സെടുത്തത്. 77 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ടോപ് സ്കോറര്‍. ടോസ് വിജയം ഇന്ത്യക്കായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. രണ്ടാം ഓവറില്‍ തന്നെ വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവന്നു ശര്‍മ്മ സ്പിന്‍ നയം വ്യക്തമാക്കി. ആ ഓവറില്‍ ബംഗ്ലദേശ് നാല് റണ്‍സ് നേടിയെങ്കിലും കളിക്കാന്‍ ബുദ്ധിമുട്ടി. നാലാം ഓവറില്‍ സുന്ദര്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പന്തിനെ റീഡ് ചെയ്യുന്നതില്‍ പാളിയ ലിറ്റണ്‍ ദാസ്(11) റെയ്നയുടെ കൈകളില്‍ വിശ്രമിച്ചു.

തൊട്ടുപിന്നാലെ തമീം ഇഖ്ബാലിനെ(15) തകര്‍പ്പന്‍ ക്യാച്ചിലൂടെ ശര്‍ദുല്‍ താക്കൂര്‍ മടക്കി. വിക്കറ്റ് മറ്റൊരു സ്പിന്നര്‍ ചാഹലിന്. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ കൂടി വീണതോടെ ബംഗ്ലാദേശ് 68ന് നാല് എന്ന നിലയിലെത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സാബിര്‍ റഹ്മാനും മഹ്മൂദുള്ളയും ടീമിനെ കരകയറ്റി. എന്നാല്‍ രണ്ട് റണ്‍ ഔട്ടുകള്‍ ബംഗ്ലാദേശിനെ വീണ്ടും കുഴക്കി. മഹ്മൂദുള്ള(21)ശാക്കിബ് അല്‍‌ഹസന്‍(7) എന്നിവരാണ് ഇന്ത്യയുടെ ഫീല്‍ഡിങ് മികവില്‍ പുറത്തായത്. അതിനിടെ ബംഗ്ലാദേശിന്‍റെ സ്കോര്‍ സാബിര്‍ റഹ്മാന്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു.

50 പന്തില്‍ നാല് സിക്സറും ഏഴ് ബൌണ്ടറിയും അടങ്ങുന്നതായിരുന്നു സാബിറിന്‍റെ ഇന്നിങ്സ്. സാബിര്‍ പുറത്തായതിന് പിന്നാലെ അവസാനത്തില്‍‌ 19 റണ്‍സ് നേടിയ മെഹ്ദി ഹസന്‍( ഏഴ് പന്തില്‍) ബംഗ്ലാ സ്കോര്‍ 160 കടത്തി. ശര്‍ദുല്‍ താക്കൂര്‍ ഒരിക്കല്‍ കൂടി തല്ലുവാങ്ങി. നാല് ഓവറില്‍ 45 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ചാഹലിനാണ് മൂന്ന് വിക്കറ്റ്.