LiveTV

Live

Sports

ചഹാലിനെ ഏറെയിഷ്ടമെന്ന് ക്ലാസന്‍, അടിച്ചു പരത്താനാണെന്ന് മാത്രം

ചഹാലിനെ ഏറെയിഷ്ടമെന്ന് ക്ലാസന്‍, അടിച്ചു പരത്താനാണെന്ന് മാത്രം
Summary
ചഹാലിന്റെ ആദ്യ ഓവറില്‍ ഒരു സിക്‌സ്. രണ്ടാം ഓവറില്‍ രണ്ട് സിക്‌സ്. മൂന്നാം ഓവറില്‍ മൂന്നുസിക്‌സും ഒരു ഫോറും. എന്നിങ്ങനെയായിരുന്നു ക്ലാസന്‍റെ ബാറ്റിംങ്...

സെഞ്ചൂറിയനില്‍ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം ആരെല്ലാം മറന്നാലും യുസ്‌വേന്ദ്ര ചഹാല്‍ മറക്കാനിടയില്ല. നാല് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത ചഹാലിന് ഒരു വിക്കറ്റ് പോലും കിട്ടിയില്ല. രണ്ട് ബൗണ്ടറിയും ഏഴ് സിക്‌സറുകളുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ ചഹാലിന്റെ പന്തുകളില്‍ നേടിയത്. ഇതില്‍ രണ്ട് ഫോറും അഞ്ച് സിക്‌സറുകളും നേടിയ ക്ലാസന്റെ ക്ലാസിക് ഇന്നിംങ്‌സായിരുന്നു ദക്ഷിണാഫ്രിക്കന്‍ തിരിച്ചുവരവിന് അടിത്തറയിട്ടത്.

ഇന്ത്യന്‍ സ്പിന്നര്‍മാരായ ചഹാലും കുല്‍ദീപ് യാദവുമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന ടെസ്റ്റ് പരമ്പരയിലുടനീളം വെല്ലുവിളിയായത്. ചഹാലിന്റെ ആ വെല്ലുവിളിയെ അടിച്ചു പറത്തിയാണ് ക്ലാസന്‍ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ക്ലാസന്റെ സ്പിന്നര്‍മാരോടുള്ള പ്രേമം. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ മത്സരത്തില്‍ ഹെന്റിക് ക്ലാസന്‍ സെഞ്ചുറി നേടിയപ്പോഴും ചാഹലിന്റെ പന്തുകള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നിരുന്നു. വാണ്ടറേഴ്‌സ് ഏകദിനത്തില്‍ ക്ലാസന്‍ നേടിയ 43 റണ്‍സ് തന്നെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എത്രത്തോളം അനായാസമായാണ് ഇന്ത്യന്‍സ്പിന്നര്‍മാരെ നേരിടുന്നതെന്നതിന്റെ തെളിവായിരുന്നു.

സെഞ്ചൂറിയനില്‍ നടന്ന ട്വന്റി 20യിലാണ് ക്ലാസന്‍ ഉദിച്ചുയര്‍ന്നത്. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സിന്റെ മോശമല്ലാത്ത വിജയലക്ഷ്യത്തെ ദക്ഷിണാഫ്രിക്കയുടെ കയ്യെത്തും ദൂരത്താക്കിയ ശേഷമാണ് ക്ലാസന്‍ ബാറ്റിംങ് അവസാനിപ്പിച്ചത്. ഈപ്രകടനത്തിന് കളിയിലെ താരമെന്ന ബഹുമതി ലഭിക്കുകയും ചെയ്തു. വെറും നാല്‍പ്പത് മിനുറ്റ് മാത്രമാണ് സെഞ്ചൂറിയനില്‍ ക്ലാസന്‍ ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ഉനഡ്കട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് എഡ്ജ് നല്‍കി ക്ലാസന്‍ മടങ്ങുമ്പോള്‍ ഗാലറി മാത്രമല്ല ദക്ഷിണാഫ്രിക്കയുടെ ഡഗ്ഗൗട്ടിലെ താരങ്ങള്‍ മുഴുവനും എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.

4.6ഓവറില്‍ ദക്ഷിണാഫ്രിക്ക 2ന് 38 എന്ന നിലയിലെത്തിയപ്പോഴാണ് ക്ലാസെന്‍ ക്രീസിലെത്തുന്നത്. കളി എങ്ങോട്ടുവേണമെങ്കിലും തിരിയാവുന്ന അവസ്ഥ. ഉനഡ്കട്ടിന്റെ അടുത്ത ഓവറില്‍ രണ്ട് സിക്‌സറുകള്‍ പറത്തി ക്ലാസന്‍ തന്റെ വരവറിയിച്ചു. ചഹാലിന്റെ ആദ്യ ഓവറില്‍ ഒരു സിക്‌സ്. രണ്ടാം ഓവറില്‍ രണ്ട് സിക്‌സ്. മൂന്നാം ഓവറില്‍ മൂന്നുസിക്‌സും ഒരു ഫോറും. എന്നിങ്ങനെയായിരുന്നു ക്ലാസന്‍ ചഹാലിന്റെ പന്തുകളോടുള്ള ഇഷ്ടം അറിയിച്ചത്. മുപ്പത് പന്തില്‍ 69 റണ്‍സുമായി ക്ലാസെന്‍ മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 41 പന്തില്‍ 58 റണ്‍സിലെത്തിയിരുന്നു.

മത്സരശേഷം നടന്ന അഭിമുഖത്തിനിടെയാണ് ക്ലാസെന്‍ ചഹാലിനോടുള്ള ഇഷ്ടം അറിയിച്ചത്.'എനിക്ക് ചഹാലിനെ ഒരുപാടിഷ്ടമാണ്. അമേച്വര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ തന്നെ നല്ല ലെഗ്‌സ്പിന്നര്‍മാരെ നേരിടേണ്ടി വന്നിരുന്നു. ഈ അനുഭവം നിര്‍ണ്ണായകമായി. ടൈറ്റന്‍സില്‍ ഷോണ്‍ വോണ്‍ ബെര്‍ഗിനെതിരെ പലതവണ കളിക്കേണ്ടി വന്നിട്ടുണ്ട്. ലെഗ് സ്പിന്നര്‍മാരുടെ കരിയര്‍ തന്നെ അവസാനിപ്പിക്കുന്നവനാണ് ഞാനെന്ന തമാശ സുഹൃത്തുക്കള്‍ക്കിടയിലുണ്ട്. ചിലപ്പോഴെല്ലാം അത് നടക്കും. കഴിഞ്ഞ കളിയില്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നു. എനിക്ക് ഇഷ്ടപ്പെട്ട പന്തുകളില്‍ പരമാവധി റണ്‍നേടാനാണ് ശ്രമിച്ചത്. ഇത് നേരത്തെ പദ്ധതിയിട്ടിരുന്നതല്ല. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കാനാകുമെന്ന ആത്മവിശ്വാസമാണ് തുണച്ചത്' ക്ലാസെന്‍ പറഞ്ഞു.