LiveTV

Live

Sports

കോഹ്ലിയെന്ന റണ്‍ മെഷീന്‍

കോഹ്ലിയെന്ന റണ്‍ മെഷീന്‍
Summary
ദക്ഷിണാഫ്രിക്കക്കെതിരായ ആറ് മത്സര പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ കഴിയുമ്പോള്‍ കോഹ്‍ലിയുടെ ശരാശരി 318 റണ്‍സ്. ഡാരന്‍ കള്ളിനന്‍ കോഹ്‌ലിയുടെ കേപ്ടൌണ്‍ ഇന്നിംങ്‌സിനെ പുതിയ കളിക്കാര്‍ക്കുള്ള പാഠപുസ്തകമെന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. 

ക്രിക്കറ്റ് ഷോട്ടുകളുടെ കോപ്പി ബുക്ക് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ പോസ്റ്റര്‍ ബോയ് ആവാന്‍ യോഗ്യതയുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഒരു ഇന്നിംങ്‌സ് എങ്ങനെ കെട്ടിപ്പടുക്കണമെന്നതിന്റെ പാഠപുസ്തകമാണ് കേപ് ടൗണിലെ കോഹ്‌ലിയുടെ(160*) അപരാജിത സെഞ്ചുറിയെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ ബാറ്റ്‌സ്മാന്‍ ഡാരന്‍ കള്ളിനന്‍ വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ആറ് മത്സര പരമ്പരയിലെ മൂന്ന് ഏകദിനങ്ങള്‍ കഴിയുമ്പോള്‍ 318 റണ്‍സെന്ന പടുകൂറ്റന്‍ ശരാശരിയുമായാണ് കോഹ്‌ലിയുടെ നില്‍പ്.

കേപ്ടൗണിലെ സെഞ്ചുറിയോടെ ഒരു പിടി റെക്കോഡുകള്‍ കൂടി കോഹ്‌ലിക്ക് മുന്നില്‍ വഴി മാറിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണ് ന്യൂലാന്‍ഡ്‌സില്‍ കോഹ്‌ലി കുറിച്ചത്. ഇതുവരെ 150 പോലും തികയ്ക്കാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഗാംഗുലി 2001ല്‍ വാന്‍ഡറേഴ്‌സില്‍ നേടിയ 127 റണ്‍സായിരുന്നു. ട്വന്റി 20 ക്രിക്കറ്റിന്റെ കാലത്തെ അതിസാഹസികര്‍ക്കിടയില്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ കഠിനാധ്വാനം കൊണ്ട് മാത്രം കെട്ടിപ്പടുത്ത ഇന്നിംങ്‌സായിരുന്നു കോഹ്‌ലിയുടേത്.

പന്ത് നോക്കി കളിക്കുകയെന്നത് ക്രിക്കറ്റിലെ കേട്ടുപഴകിയ തത്വമാണ്. ഏത്പന്തിനേയും അതിര്‍ത്തി കടത്താന്‍ നോക്കുന്നവരുടെ കാലത്ത് ഈ തത്വം മുറുകെ പിടിക്കുന്നതാണ് കോഹ്‌ലിയെ വ്യത്യസ്ഥനാക്കുന്നത്. നല്ല പന്തുകളെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ പ്രതിരോധിച്ച കോഹ്‌ലി മോശം പന്തുകളെ അതിര്‍ത്തികടത്തുകയും ചെയ്തു. മത്സരത്തില്‍ കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് റബാഡയുടെ ന്യൂബോള്‍ സ്‌പെല്ലായിരുന്നു. ആ അഞ്ച് ഓവറുകളിലെ നേരിട്ട 20 പന്തില്‍ നിന്നും വെറും ഒമ്പത് റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. റണ്‍സെടുക്കും മുമ്പേ റബാഡയുടെ പന്തില്‍ കോഹ്‌ലിക്കെതിരെ ഫീല്‍ഡ് അമ്പയര്‍ എല്‍ബി വിധിച്ചതുമാണ്. എന്നാല്‍ ഡിആര്‍എസിന്റെ സഹായത്തിലായിരുന്നു കോഹ്‌ലി ബാറ്റിംങ് തുടര്‍ന്നത്.

പത്താം ഓവറിന് ശേഷമാണ് കോഹ്‌ലി താളം കണ്ടെത്തിയതെന്ന് പറയാം. പിന്നീട് ഒരിക്കല്‍ മാത്രമാണ് തുടര്‍ച്ചയായി മൂന്നുപന്തുകളില്‍ റണ്ണെടുക്കുന്നതില്‍ നിന്നും കോഹ്‌ലിയെ തടയാന്‍ ദക്ഷിണാഫ്രിക്കയ്ക്കായത്. പിന്നീട് ഇമ്രാന്‍ താഹിറിന്റെ ചില പന്തുകള്‍ മാത്രമായിരുന്നു കോഹ്‌ലിയുടെ സമാനതകളില്ലാത്ത ഇന്നിംങ്‌സില്‍ അല്‍പമെങ്കിലും വെല്ലുവിളിയായത്. താഹിറിന്റെ ഒരു ഓവറില്‍ രണ്ട് തവണ ഗൂഗ്ലി തിരിച്ചറിയുന്നതില്‍ കോഹ്‌ലിക്ക് പിഴച്ചു. ഇതില്‍ നിന്നും പാഠം പഠിച്ച അദ്ദേഹം സെഞ്ചുറി പിന്നിട്ട് 118 റണ്‍സെത്തുന്നതുവരെ ഒരിക്കല്‍ പോലും ഇമ്രാന്‍ താഹിറിനെതിരെ സാഹസികമായ ഷോട്ടിന് ശ്രമിച്ചുപോലുമില്ല.

രണ്ടാം ഓവറില്‍ ക്രീസിലെത്തിയ കോഹ്‌ലി നാല്‍പ്പത്തി നാലാം ഓവറില്‍ മാത്രമാണ് ആദ്യമായി പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചതുതന്നെ. 160 റണ്‍സില്‍ 60 റണ്‍ മാത്രമായിരുന്നു ബൗണ്ടറികളിലൂടെ കോഹ്‌ലി(12*4, 2*6) നേടിയത്. ബാക്കിയുള്ള 100 റണ്‍സും അദ്ദേഹം ക്രീസിലൂടെ ഓടിയെടുത്തതായിരുന്നു!. കേപ്ടൗണില്‍ കോഹ്ലി പിച്ചിലൂടെ ഓടിയ ഓട്ടം നേരെ ഓടിയിരുന്നെങ്കില്‍ 2.75 കിലോമീറ്റര്‍ വരുമായിരുന്നു. ഓരോ മത്സരത്തിലും ശരാശരി ആറ് കിലോമീറ്റര്‍ വെച്ച് ഓടുന്ന ഫുട്‌ബോള്‍ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ കോഹ്‌ലിയുടേത് അത്ര വലിയ പ്രകടനമല്ലെന്ന വിമര്‍ശനമുണ്ടാകാം. പക്ഷേ ബാറ്റും ഹെല്‍മറ്റും എല്ലാവിധ സുരക്ഷാ പാഡുകളും വഹിച്ചാണ് അദ്ദേഹത്തിന്റെ ക്രീസിലെ ഓട്ടമെന്നത് മറക്കരുത്. ഡാരന്‍ കള്ളിനന്‍ കോഹ്‌ലിയുടെ ഇന്നിംങ്‌സിനെ പുതിയ കളിക്കാര്‍ക്കുള്ള പാഠപുസ്തകമെന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല.