LiveTV

Live

Sports

100 റണ്‍സിന്റെ ശരാശരി ഉറപ്പിച്ച് ശുഭ്മാന്‍റെ ബ്രാഡ്മാനെ വെല്ലുന്ന പ്രകടനം

100 റണ്‍സിന്റെ ശരാശരി ഉറപ്പിച്ച് ശുഭ്മാന്‍റെ ബ്രാഡ്മാനെ വെല്ലുന്ന പ്രകടനം
Summary
ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായാല്‍ പോലും ശുഭ്മാന്റെ അണ്ടര്‍ 19 ലോകകപ്പിലെ ശരാശരി നൂറിന് മുകളിലായിരിക്കും. 

കൗമാര ക്രിക്കറ്റില്‍ നിന്നും ഉദിച്ചുയര്‍ന്ന താരമായി മാറിയിരിക്കുകയാണ് ഇന്ത്യക്കാരന്‍ ശുഭ്മാന്‍ ഗില്‍. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് ഗില്‍ അണ്ടര്‍ 19 ലോകകപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായാല്‍ പോലും ശുഭ്മാന്റെ അണ്ടര്‍ 19 ലോകകപ്പിലെ ശരാശരി നൂറിന് മുകളിലായിരിക്കും.

പാകിസ്താനെതിരെയാ സെമിയിലെ ആ സെഞ്ചുറി(102*) പ്രകടനം മാത്രം മതി ശുഭ്മാന്‍ഗില്‍ എന്ന താരത്തിന്റെ ക്ലാസ് കണ്ടറിയാന്‍. കോഹ്ലിയുടെ ഷോട്ടുകള്‍ യുവരാജ് സിംങിനോളം അനായാസതയില്‍ കളിക്കുന്ന ഒരു കൗമാരക്കാരന്‍. 63, 90*, 86, 102* എന്നിങ്ങനെയാണ് അണ്ടര്‍ 19 ലോകകപ്പിലെ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം. ആകെ 341 റണ്‍സ്. ഓരോ കളി കഴിയും തോറും മെച്ചപ്പെട്ടുവരുന്ന ഗില്‍ ഫൈനലില്‍ ആസ്‌ത്രേലിയക്കാര്‍ക്കും തലവേദനയാകുമെന്നുറപ്പ്.

കൂറ്റന്‍ സ്‌കോറുകള്‍ ശുഭ്മാന്‍ ഗില്ലിന് പുതിയ കാര്യമല്ല. 2014ല്‍ പഞ്ചാബില്‍ നടന്ന അണ്ടര്‍ 16 അന്തര്‍ ജില്ലാ ടൂര്‍ണ്ണമെന്റില്‍ 15കാരനായ ശുഭ്മാന്‍ അടിച്ചുകൂട്ടിയത് 351 റണ്‍സ്! നിര്‍മ്മല്‍ സിംങുമായി പടുത്തുയര്‍ത്തിയത് 571 റണ്‍സിന്റെ കൂട്ടുകെട്ട്. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ പഞ്ചാബിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ ഡബിള്‍ സെഞ്ചുറി നേടിയിട്ടുണ്ട് ശുഭ്മാന്‍. 2014ല്‍ തന്നെ തന്നെ ബിസിസിഐയുടെ മികച്ച ജൂനിയര്‍ ക്രിക്കറ്ററുടെ പുരസ്‌കാരവും ശുഭ്മാന്‍ ഗില്ലിനെ തേടിയെത്തി. പുരസ്‌കാരം നല്‍കിയതാകട്ടെ ശുഭ്മാന്‍ ഏറെ ആരാധിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും.

അണ്ടര്‍ 19 ടീമിലെ മികച്ച താരമാരാണെന്ന ചോദ്യത്തിന് സൗരവ് ഗാംഗുലി നല്‍കിയ ഉത്തരവും ശുഭ്മാന്‍ ഗില്ലിന്റെ പേരായിരുന്നു. ഐപിഎല്‍ ലേലത്തില്‍ ദാദയുടെ സ്വന്തം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 1.80 കോടിയെറിഞ്ഞ് ശുഭ്മാനെ കൂടെക്കൂട്ടിയത് അപ്രതീക്ഷിതമല്ലെന്ന് ചുരുക്കം. ശുഭ്മാന്‍ ഗില്ലിന്റെ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരില്‍ ഒരാള്‍ പിതാവായ ലക്വീന്ദര്‍ സിംങായിരിക്കും. പഞ്ചാബിലെ ഉള്‍ഗ്രാമത്തില്‍ നിന്നും മകന്റെ ക്രിക്കറ്റ് ഭാവി ഉറപ്പിക്കാനായി മൊഹാലി ക്രിക്കറ്റ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള വാടകവീട്ടിലേക്ക് താമസം മാറിയയാളാണ് ലക്വീന്ദര്‍ സിംങ്.

അണ്ടര്‍ 19 ലോകകപ്പില്‍ ഇപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ ശരാശരി 170 റണ്‍സിന് മുകളിലാണ്. ഫെബ്രുവരി മൂന്നിന് ബേ ഓവലിലാണ് ആസ്‌ത്രേലിയക്കെതിരായ ഫൈനല്‍. ടൂര്‍ണ്ണമെന്റിലെ ലീഗ് മത്സരത്തിനിടെ ആസ്‌ത്രേലിയയെ 100 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക. ആ മത്സരത്തില്‍ ഗില്‍ 54 പന്തില്‍ 63 റണ്‍സ് നേടിയിരുന്നു.

ഇതിന് പുറമേ കൗമാര ലോകകപ്പ് ഉള്‍പ്പടെയുള്ള യൂത്ത് വണ്‍ഡേ മത്സരങ്ങളില്‍ ഇതുവരെ 14 കളികളില്‍ നിന്നും 1188 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട് ശുഭ്മാന്‍ ഗില്‍. അങ്ങനെ നോക്കിയാലും ശരാശരി 110.80 റണ്‍സ് വരും. യൂത്ത് വണ്‍ഡേയില്‍ 100 മുകളില്‍ ശരാശരിയുള്ള ഏക താരവും ശുഭ്മാന്‍ ഗില്ലാണ്. ഫൈനലില്‍ പൂജ്യത്തിന് പുറത്തായാലും അണ്ടര്‍ 19 ലോകകപ്പില്‍ ശുഭ്മാന്‍ ഗിലിന്റെ ശരാശരി 100 റണ്‍സിന് മുകളിലായിരിക്കും. അതുകൊണ്ടു തന്നെ ബ്രാഡ്മാനെ പോലെ ദൗര്‍ഭാഗ്യത്തിനും തോല്‍പ്പിക്കാനാവാത്ത ഉയരത്തിലാണ് ഇന്ത്യയുടെ ഈ കൗമാരവിസ്മയം ഇപ്പോഴുള്ളത്.