LiveTV

Live

Sports

ലങ്കാ ദഹനം: ഇന്ത്യക്ക് കൂറ്റന്‍ ജയം, പരമ്പര

ലങ്കാ ദഹനം: ഇന്ത്യക്ക് കൂറ്റന്‍ ജയം, പരമ്പര
Summary
ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ചുട്ടുകൊല്ലുകയായിരുന്നു.

ഇന്ന് ഇന്ത്യന്‍ ടീമിന്റെ ദിവസമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ചുട്ടുകൊല്ലുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക ആദ്യമൊക്കെ തിരിച്ചടിച്ചെങ്കിലും മുന്‍നിര വിക്കറ്റുകള്‍ വീണതോടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഒടുവില്‍ 88 റണ്‍സിന്റെ തോല്‍വി വഴങ്ങി കളംവിട്ടു.

ലങ്കാ ദഹനം: ഇന്ത്യക്ക് കൂറ്റന്‍ ജയം, പരമ്പര

നേരത്തെ, മരതകദ്വീപുകാരോട് പകവീട്ടും പോലെയായിരുന്നു ടീം ഇന്ത്യയുടെ ഇന്‍ഡോറിലെ തീപ്പൊരി ബാറ്റിങ്. ബാറ്റെടുത്തവരെല്ലാം താണ്ഡവമാടിയപ്പോള്‍ ക്രിസ്മസ് തണുപ്പിലും ലങ്കന്‍ ബോളര്‍മാര്‍ ഉരുകിയൊലിച്ചു. ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് അയക്കാന്‍ തീരുമാനിച്ചതു മുതല്‍ ലങ്കയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

ഓപ്പണര്‍മാരായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും ചേര്‍ന്ന് ലങ്കന്‍ ബോളര്‍മാരെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ കെട്ടിപ്പൊക്കിയത് 165 റണ്‍സിന്റെ റണ്‍മലയായിരുന്നു. ഒരാളെയും വെറുതെ വിടാതെയായിരുന്നു രോഹിത്തിന്റെ ആക്രമണം. രോഹിതിനെതിരെ മുഖാമുഖം വന്നവരെല്ലാം പ്രഹരമേറ്റു തളര്‍ന്നു. ബോളര്‍മാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചകറ്റുന്നതില്‍ മാത്രമായിരുന്നു രോഹിതിന്റെ ശ്രദ്ധ. സിക്സറുകളും ബൌണ്ടറികളും തുടരെ തുടരെ പറന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ റോക്കറ്റ് വേഗത്തിലായി. ഒരു ഘട്ടത്തില്‍ രോഹിത് ശര്‍മയുടെ മിന്നല്‍ പ്രകടനം കണ്ടുനില്‍ക്കാനായിരുന്നു രാഹുലിന്റെ വിധി. ഒടുവില്‍ രോഹിതിന് തുടരെ സ്ട്രൈക്ക് കൈമാറി രാഹുല്‍ ആ തീ ആളിക്കത്തിച്ചു. 35 പന്തില്‍ നിന്ന് ട്വന്റി 20യിലെ വേഗതയേറിയ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും രോഹിത് ആക്രമണവീര്യം ഒട്ടും തണുപ്പിച്ചില്ല. ഒടുവില്‍ 43 പന്തില്‍ നിന്ന് 118 റണ്‍സ് എടുത്തുനില്‍ക്കെ ചമീരയുടെ പന്തില്‍ രോഹിത് ഇന്നിങ്സ് അവസാനിപ്പിച്ചു. പത്തു സിക്സറുകളും 12 ബൌണ്ടറികളുമാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നായകന്‍ പകര്‍ന്ന ഊര്‍ജത്തില്‍ നിന്ന് അര്‍ധ ശതകം തികച്ച ശേഷം രാഹുലും ഇന്‍ഡോറില്‍ കത്തിപ്പടര്‍ന്നു. 49 പന്തില്‍ നിന്ന് എട്ടു സിക്സറുകളുടെ അകമ്പടിയോടെ 89 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് രാഹുലും പിന്‍വാങ്ങിയത്. അപ്പോഴേക്കും ഇന്ത്യയുടെ സ്കോര്‍ രണ്ടിന് 243 റണ്‍സ് എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. തുടര്‍ന്നു വന്ന ധോണിയും ഹര്‍ദിക് പാണ്ഡ്യയുമൊക്കെ പന്തുകള്‍ പാഴാക്കാതെ ലങ്കന്‍ ബോളര്‍മാരെ ശിക്ഷിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു. 28 റണ്‍സെടുത്ത് ധോണി പാഡഴിച്ചതോടെ ഇന്‍ഡോറില്‍ ഇന്ത്യ പുതു ചരിത്രമെഴുതി കഴിഞ്ഞിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ശ്രേയസ് അയ്യര്‍ മാത്രമാണ് ടീം ഇന്ത്യയില്‍ നിരാശപ്പെടുത്തിയത്. ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ ലങ്കക്ക് മുന്നില്‍ വെല്ലുവിളിയായി ഉയര്‍ത്തി ഇന്ത്യ പാഡഴിച്ചു.

ലങ്കാ ദഹനം: ഇന്ത്യക്ക് കൂറ്റന്‍ ജയം, പരമ്പര

മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക തുടക്കം മുതല്‍ സാഹസിക ആക്രമണത്തിന് തുടക്കമിട്ടു. 25 റണ്‍സെടുത്ത ഡിക്വില്ലയെ ഉനാദ്കത് പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചതോടെ ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തരംഗയും പെരേരയും ചേര്‍ന്ന് നടത്തിയ പോരാട്ടം 109 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് കലാശിച്ചത്. അര്‍ധ ശതകത്തിന് മൂന്നു റണ്‍സ് അകലെ തരംഗയെ ചഹല്‍ പിടികൂടിയതോടെ ലങ്കന്‍ ആക്രമണത്തിന്റെ മുനയൊടിഞ്ഞു. പെരേര തകര്‍ത്തടിച്ചു കളിക്കുമ്പോള്‍ ഒരറ്റത്ത് വിക്കറ്റുകള്‍ മഴ പോലെ പൊഴിഞ്ഞുകൊണ്ടിരുന്നു. മധ്യനിരയുടെയും വാലറ്റത്തിന്റെയും നട്ടെല്ലിളക്കി നാലു വിക്കറ്റെടുത്ത ചഹലും മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 37 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത പെരേരയെ കൂടി കുല്‍ദീപ് വീഴ്‍ത്തിയതോടെ ലങ്കന്‍ പതനം ഏറെക്കുറെ സമാപിച്ചിരുന്നു. വാലറ്റത്തെ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങുകള്‍ ലങ്കാദഹനം വേഗത്തിലാക്കി. ഒടുവില്‍ 17.2 ഓവറില്‍ 172 റണ്‍സിന് ലങ്കയുടെ പോരാട്ടം അവസാനിച്ചു.