LiveTV

Live

Sports

ഡബിളില്‍ കൊഹ്‍ലി ലാറയ്ക്കൊപ്പം; നായകന്റെ ഇന്നത്തെ റെക്കോര്‍ഡുകള്‍

ഡബിളില്‍ കൊഹ്‍ലി ലാറയ്ക്കൊപ്പം; നായകന്റെ ഇന്നത്തെ റെക്കോര്‍ഡുകള്‍
Summary
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഒരുകാലത്ത് ഏതു മത്സരത്തില്‍ ഇറങ്ങിയാലും ഒരു റെക്കോര്‍ഡെങ്കിലുമിട്ട് കളംവിട്ടിരുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഒരുകാലത്ത് ഏതു മത്സരത്തില്‍ ഇറങ്ങിയാലും ഒരു റെക്കോര്‍ഡെങ്കിലുമിട്ട് കളംവിട്ടിരുന്നത്. എന്നാല്‍ ധോണിയുടെ പിന്‍ഗാമിയായി എത്തിയ കൊഹ്‍ലി കുറച്ചുകൂടി ആക്രമണവീര്യമാണ് പുറത്തെടുക്കുന്നത്. ടീമിന്റെ നെടുംതൂണാകുന്നതിനൊപ്പം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുക കൂടിയാണ് വിരാട്.

ഡബിളില്‍ കൊഹ്‍ലി ലാറയ്ക്കൊപ്പം; നായകന്റെ ഇന്നത്തെ റെക്കോര്‍ഡുകള്‍

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ നായകന്‍ കുറിച്ചത് ഒന്നിലേറെ റെക്കോര്‍ഡുകളാണ്. ലങ്കക്കെതിരെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ എന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന കരുത്തന്‍ കൂടിയായി കൊഹ്‍ലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനില്‍ ഗവാസ്കര്‍ കുറിച്ച റെക്കോര്‍ഡാണ് കൊഹ്‍ലി തിരുത്തിയെഴുതിയത്. 12 സെഞ്ച്വറികളാണ് കൊഹ്‍ലിയെന്ന നായകന്‍ ഇതുവരെ നേടിയത്. ഗവാസ്‍കര്‍ നായകനായി 11 സെഞ്ച്വറികളാണ് നേരിയിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല ഇന്നത്തെ അങ്കം. ലങ്കക്കെതിരെ ഇരട്ട സെഞ്ച്വറി തികച്ചതോടെ നായകനെന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിനൊപ്പം കൊഹ്‍ലി എത്തി. ലാറ നായകനായിരിക്കെ അഞ്ച് ഡബിള്‍ സെഞ്ച്വറികളാണ് നേടിയത്. കൊഹ്‍ലിയും ഇതേ അക്കത്തിലെത്തി.

ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരന്‍ എന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പവും കൊഹ്‍ലി തന്റെ പേര് എഴുതിച്ചേര്‍ത്തു. 2016, 2017 വര്‍ഷങ്ങളിലായാണ് കൊഹ്‍ലി തന്റെ അഞ്ച് ഇരട്ട ശതകങ്ങളും സ്വന്തമാക്കിയത്. ടെസ്റ്റില്‍ തന്റെ പത്തൊന്‍പതാം സെഞ്ച്വറി നേടിയപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പത്തു അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ നായകന്‍ എന്ന വിശേഷണവും കൊഹ്‍ലി സ്വന്തമാക്കി. റെക്കോര്‍ഡുകള്‍ക്കായി ബാറ്റിനെ തുഴയാക്കാതെ ടീമിന്റെ വിജയം മുന്നില്‍ കണ്ട് കളിക്കുന്നതാണ് കൊഹ്‍ലിയെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകള്‍ അധികകാലം സുരക്ഷിതമായിരിക്കില്ലെന്ന സന്ദേശവുമായാണ് കൊഹ്‍ലിയുടെ ജൈത്രയാത്ര.